ചെങ്ങന്നൂർ: നഗരമദ്ധ്യത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. മഴയായാൽ കെട്ടിടങ്ങൾ ചോർന്നൊലിച്ച് ബുദ്ധിമുട്ട് നേരിടുന്ന സ്റ്റാൻഡിൽ മാലിന്യം കൂടി വർദ്ധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. ചെങ്ങന്നൂർ നഗരസഭാ ഓഫീസിന് താഴെയാണ് ബസ് സ്റ്റാൻഡ്. നിരവധി ആളുകളാണ് ദിനംപ്രതി എത്തുന്നത്. മഴ തുടങ്ങിയതോടെ പകർച്ച വ്യാധികൾക്കും സാദ്ധ്യതയുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി. സമീപത്തെ കടകൾക്കും മാലിന്യം ഭീഷണിയാണ്. മഴയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുകിയെത്തി റെയിൽവേ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നു. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരെയും ഭരണസമിതിയെയും പല പ്രാവശ്യം ബോദ്ധ്യപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറയുന്നു. മഴയായാൽ കയറിനിൽക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് സ്റ്റാൻഡിലെ കെട്ടിടം . ചോർന്നൊലിച്ച് തുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടിയില്ല.
.....................................................................
മഴ പെയ്താൽ ബസിൽ കയറുന്നത് ബുദ്ധിമുട്ടാണ്. ഭക്ഷണ അവശിഷ്ടങ്ങളളും പ്ലാസ്റ്റിക് കവറുകളും കുന്നുകൂടിക്കിടക്കുന്നു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൊതുകുകളും ഈച്ചയും പെരുകുന്നു. നടപടി സ്വീകരിക്കണം
ജൂലി
(സ്ഥിരം യാത്രക്കാരി)