തിരുവല്ല: യു.ഡി.എഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയിൽ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് നറുക്കെടുപ്പിൽ അപ്രതീക്ഷിത വിജയം. 14-ാം വാർഡ് കൗൺസിലറും എൻ.സി.പി.(ശരത് പവാർ) ജില്ലാ പ്രസിഡന്റുമായ ജിജി വട്ടശേരിലാണ് വിജയിച്ചത്. യു.ഡി.എഫ്. പക്ഷത്തെ രണ്ട് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായതോടെ ടോസിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. കോൺഗ്രസിലെ മാത്യു ചാക്കോയായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി. 39 അംഗ കൗൺസിലിൽ യു.ഡി.എഫ്.-16, എൽ.ഡി.എഫ്.-15, ബി.ജെ.പി.-6, എസ്.ഡി.പി.ഐ.-1, സ്വതന്ത്രൻ-1 എന്നതായിരുന്നു കക്ഷിനില. യു.ഡി.എഫിലെ ഒരംഗം വിദേശത്ത് പോയിരിക്കുകയാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രാംഗവും എസ്.ഡിപി.ഐയും യു.ഡി.എഫിന് വോട്ടുചെയ്തു. 17പേരുടെ പിന്തുണ ഉറപ്പാക്കിയാണ് യു.ഡി.എഫ്. കൗൺസിൽ ഹാളിൽ എത്തിയത്. മുൻ നഗരസഭ അദ്ധ്യക്ഷരായ കോൺഗ്രസിലെ ബിന്ദു ജയകുമാർ, കേരള കോൺഗ്രസിലെ ഷീല വർഗീസ് എന്നിവരുടെ വോട്ടുകൾ അസാധുവായതോടെ വോട്ടുനില 15-15 എന്നതായി. തുടർന്നായിരുന്നു നറുക്കെടുപ്പ്. യു.ഡി.എഫിലെ ധാരണപ്രകാരം കേരള കോൺഗ്രസിലെ ജോസ് പഴയിടം രാജിവച്ച ഒഴിവിലാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ധാരണപ്രകാരം ചെയർപേഴ്‌സൺ സ്ഥാനവും രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു. എന്നാൽ കോൺഗ്രസ് പ്രതിനിധിയായ ചെയർപേഴ്‌സൺ അനു ജോർജ് ഡി.സി.സി. നിർദ്ദേശം അവഗണിച്ച് സ്ഥാനത്ത് തുടരുകയാണ്. ചെയർപേഴ്‌സൺ സ്ഥാനം രാജിവയ്ക്കാത്തതിൽ നഗരസഭയുടെ പാർലമെന്ററിപാർട്ടിയിലും അസ്വസ്ഥതകൾ പുകയുന്നതിനിടെയാണ് പുതിയ സംഭവ വികാസം.