കോന്നി : മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി കോന്നിയിൽ ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ 13 അംഗ റാപ്പിഡ് റെസ്പോൺസ് ടീം (ആർ. ആർ.ടി) സദാസമയവും സേവന സജ്ജമാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. .അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇവർക്ക് വാഹനം ഉൾപ്പടെയുള്ള സൗകര്യങ്ങളും ഉപകരണങ്ങളും നൽകിയിട്ടുണ്ട്. ഇവരെ കൂടാതെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും വാച്ചർമാരുമുണ്ട്.
മനുഷ്യ -വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് കോന്നി നിയോജക മണ്ഡലത്തിൽ എട്ട് ഹോട്ട്സ്പോട്ടുകളുണ്ട്. (കല്ലേലി, കലഞ്ഞൂർ, പാടം, പോത്തുപാറ, ഇഞ്ചപ്പാറ, തണ്ണിത്തോട്, കൊക്കാത്തോട്, തലമാനം.)
പാടം ഫോസ്റ്റ് സ്റ്റേഷൻ പരിധിയിലെ പോത്തുപാറ, ഇഞ്ചപ്പാറ, ചെളിക്കുഴി ഭാഗങ്ങളിൽ പുള്ളിപ്പുലിയുടെയും നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട്, കരിപ്പാൻതോട്, പാടം സ്റ്റേഷൻ പരിധിയിലെ ജനവാസ മേഖലകളിൽ ആന, പുലി, കടുവ എന്നിവയുടെയും ആക്രമണവും ശല്യവുമാണ് കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാടത്ത് പുള്ളിപ്പുലിയെ പിടികൂടുന്നതിന് പോത്തുപാറ, ഇഞ്ചപ്പാറ എന്നിവിടങ്ങളിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്.
വനത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കൈതച്ചക്ക കൃഷി നിറുത്തിവയ്ക്കാൻ ഹാരിസൺ മലയാളം ലിമിറ്റഡിന് നിർദ്ദേശേം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമാക്കും.
129.22 ലക്ഷം നഷ്ടപരിഹാരം.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 മുതൽ ലഭിച്ച 708 അപേക്ഷകളിലായി 129.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. നടുവത്തുംമൂഴി റേഞ്ചിൽ സൗരോർജ തൂക്കുവേലികൾ നിർമ്മിക്കുന്നത് 110 ലക്ഷവും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും പുതുക്കുന്നതിനും 77.45 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ പദ്ധതികൾ പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.