house-
കാറ്റിലും മഴയിലും കടപുഴകിയ മരങ്ങൾ വീടിനും, പിക്കപ്പ് വാഹനത്തിനു മുകളിലും വീണപ്പോൾ

റാന്നി: വെച്ചൂച്ചിറ - ഇടത്തിക്കാവിൽ ഇന്നലെ രാവിലെ 10.30ന് ഉണ്ടായ കാറ്റിലും മഴയിലും മരം വീണ് വീടുകൾക്ക് ഉൾപ്പെടെ നാശം സംഭവിച്ചു. റബർ മരങ്ങൾ കടപുഴകി വീണു. അഞ്ച് വീടുകൾക്കാണ് നാശം സംഭവിച്ചത്. കാഞ്ഞിരത്തിങ്കൽ ഫിലോമിന, പ്ലാംകൂട്ടത്തിൽ ഹംസത് എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. പാലത്തിങ്കൽ സുലോചന, പീടികയിൽ മുഹമ്മദ്സലിം എന്നിവരുടെ വീടിനും ഭാഗികമായി നഷ്ടമുണ്ടായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.ജെയിംസ്, വൈസ്പ്രസിഡന്റ് പൊന്നമ്മചാക്കോ, വാർഡ്‌മെമ്പർമാരായ എലിസബത്ത്, നഹാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. വീടുകൾക്ക് പുറമെ റോഡിലേക്കും, പിക്കപ്പ് വാനിന്റെ മുകളിലേക്കും മരങ്ങൾ ഒടിഞ്ഞു വീണു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി പോസ്റ്റുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. റാന്നി എരുമേലി റോഡിലും കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു റോഡിലേക്ക് വീണതിനാൽ ഏറെ നേരം ഗതാഗതം തടസപെട്ടു.