elimukku-road
കോട്ട-മെഴുവേലി-ഇലവുംതിട്ട റോഡിൽ കാൽനടയാത്രക്ക് തടസ്സമായ രീതിയിൽ കാട് വളർന്ന് റോഡിലേക്ക് ഇറങ്ങിയ നിലയിൽ

പത്തനംതിട്ട: കോട്ട-മെഴുവേലി-ഇലവുംതിട്ട റോഡിൽ എലിമുക്കുമുക്കിൽ നിന്ന് കൂടുവെട്ടിക്കലിലേക്കുള്ള ഭാഗത്ത് റോഡിനിരുവശവും കാടുവളർന്നു. അത്യാധുനിക രീതിയിൽ നിർമ്മിച്ച റോഡാണെങ്കിലും കാട് മുലം യാത്ര ബുദ്ധിമുട്ടായി. ഒരു കിലോമീറ്റർ ഭാഗത്താണ് കാട്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽനട യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. . കേരളവർമ്മ വിലാസം ലോവർ പ്രൈമറി സ്‌കൂൾ, അങ്കവാടി, എസ്.എൻ വിദ്യാപീഠം, മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ, , ടി.കെ.എം.ആർ.എം എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, മെഴുവേലി ടീച്ചേഴ്‌സ് ട്രയിനിംഗ് കോളേജ്, ഐ.ടി.ഐ എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ നടന്നും സൈക്കിളിലും ഇതുവഴിയാണ് പോകുന്നത്. മഞ്ഞനിക്കര ദയറയിലേക്ക് തീർത്ഥാടകർ നടന്നു പോകുന്നതും ഈ റോഡിലൂടെയാണ് പാമ്പും തെരുവ് നായ്ക്കളും ഉൾപ്പടെയുള്ള ക്ഷുദ്രജീവികളുടെ താവളം കൂടിയാണ് കാട്. ഇതിന് പുറമേ ടിപ്പറുകളുടെ പാച്ചിലും യാത്രക്കാർക്ക് ഭീഷണിയാണ്.
കോട്ട, വല്ലന ഭാഗത്തുനിന്ന് പച്ചമണ്ണുമായി ടിപ്പർ ലോറികൾ ഇതുവഴിയാണ് പോകുന്നത്. മുളക്കുഴ, മെഴുവേലി ഗ്രാമപഞ്ചായത്തുകളുടെയും ചെങ്ങന്നൂർ, ഇലവുംതിട്ട, ആറന്മുള പൊലീസ് സ്റ്റേഷനുകളുടെയും അതിർത്തിയാണ് ഇവിടം. ഇതുമൂലം വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല.

പദ്ധതിയുണ്ട്, പക്ഷേ..

റോഡിനിരുവശത്തുമുള്ള നടപ്പാതയിലെ കാട് വെട്ടിത്തെളിക്കാൻ വിവിധ പദ്ധതികളുണ്ടെങ്കിലും അവയിൽ ഉൾപ്പെടുത്താൻ പഞ്ചായത്തുകൾ തയ്യാറാകുന്നില്ല. മഴക്കാല പൂർവശുചീകരണം, വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വൃത്തിയാക്കൽ, തൊഴിലുറപ്പ് പദ്ധതി എന്നിവ നടപ്പാക്കിയിട്ടില്ല.

-----------------

കാട് 1 കിലോമീറ്റർ ഭാഗത്ത്

----------------------

കാട് തെളിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകൾക്കും എം.എൽ.എയ്ക്കും പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ല.

. എലിമുക്ക് പൗരസമിതി പ്രവർത്തകർ