daily
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്രവേശന കവാടത്തിന് മുമ്പിൽ കാർ പാർക്ക് ചെയ്തിരിക്കുന്നു

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ വഴിയടച്ച് പാർക്കുചെയ്ത കാർ, രോഗികളെയും ജീവനക്കാരെയും വലച്ചു. ഒടുവിൽ പൊലീസെത്തി റിക്കവറി വാഹനം ഉപോയിഗിച്ചാണ് കാർ മാറ്റിയത്. ഇതിന് ശേഷമാണ് കാർ ഉടമ സ്ഥലത്തെത്തിയത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. മരുന്നുകൾ ശേഖരിക്കാൻ വെയർഹൗസിലേക്ക് പോകാൻ ആശുപത്രിയിൽ നിന്നിറങ്ങിയ ആംബുലൻസിന് കാർ തടസമായി. മറ്റ് വാഹനങ്ങൾക്കും പോകാൻ കഴിഞ്ഞില്ല. ഡ്രൈവർ ഹോണടിച്ചെങ്കിലും കാർ മാറ്റാൻ ആരും എത്തിയില്ല. ഉടമയെ കണ്ടുപിടിക്കാൻ ആശുപത്രി ജീവനക്കാർ നെട്ടോട്ടമോടിയെങ്കിലും ആദ്യ മണിക്കൂറിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ശേഷം ആശുപത്രി മുഴുവൻ അനൗൺസ്മെന്റ് നടത്തി. എന്നിട്ടും രക്ഷയില്ലാതെ പൊലീസിനെ വിളിച്ച് റിക്കവറി വാൻ എത്തിച്ച് കാർ മാറ്റിയിട്ടു.

ജനറൽ ആശുപത്രിയിൽ രോഗിയുമായെത്തിയ ആളുടെ കാറായിരുന്നു ഇത്. കാർ ഇവിടെ പാർക്ക് ചെയ്യരുതെന്ന് തങ്ങൾ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. ഉച്ചയായപ്പോഴാണ് കാറുടമ വന്നത്. . റിക്കവറി വാഹനത്തിന്റെ കൂലി ഇയാളിൽ നിന്ന് പൊലീസ് ഇൗടാക്കി.

ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ മുൻഭാഗത്തെ ഗേറ്റ് ഒഴിവാക്കി പിറകിലുള്ള ഡോക്ടേഴ്‌സ് ലെയ്‌ൻ റോഡിനോട് ചേർന്നാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. അതിനാൽ ഈ റോഡിൽ ട്രാഫിക് നിയന്ത്രണമുണ്ട്. . ഒരു വശത്തേക്ക് മാത്രമേ വാഹനം കടത്തിവിടുകയുള്ളൂ. റോഡരികിൽ പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.