jnjana-sandhya
ഗുരുകുലം സ്റ്റഡി സർക്കിൾ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ തൈമറവുംകരയിൽ സംഘടിപ്പിച്ച ജ്ഞാനസന്ധ്യയിൽ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ മുനി നാരായണ പ്രസാദ് പ്രഭാഷണം നടത്തുന്നു

തിരുവല്ല: കുട്ടികളിൽ മൂല്യബോധം വളർത്താൻ സഹായിക്കും വിധം പാഠ്യപദ്ധതിയിൽ പരിഷ്‌ക്കരണം ആവശ്യമാണെന്ന് നാരായണ ഗുരുകുലം അദ്ധ്യക്ഷനും പത്മശ്രീ ജേതാവുമായ മുനി നാരായണ പ്രസാദ് പറഞ്ഞു. ഗുരുകുലം സ്റ്റഡി സർക്കിൾ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ തൈമറവുംകരയിൽ സംഘടിപ്പിച്ച ജ്ഞാനസന്ധ്യയിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. വിദ്യാഭ്യാസം നേടുന്നതോടൊപ്പം പുതുതലമുറ വിവേകമുള്ളവരായും നല്ല മനുഷ്യരായും വളരണം. നല്ല മനുഷ്യരായി തീരുന്നതിന് വേണ്ട കൂടുതൽ കാര്യങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി നൽകുന്നില്ല എന്ന പരാതിയുമുണ്ട്. നല്ല മനുഷ്യരാകുമ്പോൾ മൂല്യബോധം ഉള്ളവരായി മാറും. ജീവിതത്തെപ്പറ്റി ചിന്തിക്കുകയും പൊരുൾ മനസിലാക്കി ജീവിക്കുന്ന ഒരു തലമുറയാണ് ഉണ്ടാകേണ്ടത്. ജീവിതത്തിൽ മൂല്യബോധം വളർത്താൻ നിലവിലെ പാഠ്യപദ്ധതി സഹായകരമല്ല. മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരികൾക്കും അടിമപ്പെടാതെ കുട്ടികളെ നേർവഴിക്ക് നയിക്കാൻ സഹായിക്കുന്നതും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുമായ ചില നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി നൽകിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. സന്യാസിനി മാതാ ജ്യോതിർമയി, വി.ജി. വിശ്വനാഥൻ വേട്ടവക്കോട്ട്, ലീലാമണി, അജയകുമാർ മ്ലാന്തടം,രജികുമാർ ടി.ആർ മലയാലപ്പുഴ,ചിത്രകാരൻ പ്രമോദ് കുരമ്പാല, കവയത്രി സുഗത പ്രമോദ് എന്നിവർ സംസാരിച്ചു.