പത്തനംതിട്ട: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച തൊഴിലാളികൾ ജോലിചെയ്യുന്ന കമ്പനിയായ എൻ.ബി.ടി.സിയുടെ മാനേജിംഗ് പാർട്ണർ തിരുവല്ല സ്വദേശി കെ.ജി.എബ്രഹാം ഉന്നയിച്ച അഴിമതി ആരോപണത്തെത്തുടർന്നാണ് വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.യു.കുരുവിളയ്ക്ക് രാജി വയ്ക്കേണ്ടിവന്നത്.
ഇടുക്കി രാജകുമാരി വില്ലേജിലെ അൻപത് ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ എബ്രഹാമിന് വിൽക്കാൻ ശ്രമിച്ചിരുന്നു. ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ഇടപാടിൽ നിന്ന് എബ്രഹാം പിൻമാറി. കുരുവിളയുടെ മക്കൾക്ക് നൽകിയ ഏഴു കോടി രൂപ തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപിച്ചു. ഭൂമി വിവാദം അന്വേഷിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജുനാരായണ സ്വാമിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ കുരുവിളയ്ക്ക് രാജിവയ്ക്കേണ്ടി വന്നു. പ്രളയ ദുരിതാശ്വാസത്തിന് താൻ നൽകിയ തുക അർഹരായവർക്ക് ലഭിച്ചില്ലെന്നും ഇനി ഒരു രാഷ്ട്രീയ പാർട്ടിക്കും പിരിവ് നൽകില്ലെന്നും എബ്രഹാം പറഞ്ഞതും വിവാദമായിരുന്നു.
കുവൈറ്റിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് നാസർ എം.അൽ ബദ്ദ ആൻഡ് പാർട്ണർ ജനറൽ ട്രേഡിംഗ് കമ്പനി (എൻ.ബി.ടി.സി). കെ.ജി.എബ്രഹാം ഏറെ വർഷങ്ങളായി കുടുംബവുമൊത്ത് കുവൈറ്റിലാണ് താമസം.