അടൂർ: എം.എൽ.എയുടെ പേര് പറഞ്ഞ് മത്സ്യ മൊത്ത വ്യാപാര സ്ഥാപനത്തിൽ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധന നടത്താൻ എത്തിയതായി പരാതി. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആരോഗ്യ വകുപ്പ് മന്ത്രിക്കും,ഫുഡ് സേഫ്റ്റി സെക്രട്ടറിക്കും പരാതി നൽകി. എം.എൽ.യുടെ പേര് പരിരോധനയ്ക്കിടെ ഫുഡ് സേഫ്റ്റി അധികൃതർ ഉപയോഗിച്ചു എന്ന് കാട്ടി സ്ഥാപന നടത്തിപ്പുകാർ ചിറ്റയം ഗോപകുമാറിന് പരാതി നൽകിയിരുന്നു. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി എന്നു കാട്ടി സ്ഥാപന നടത്തിപ്പുകാർക്കെതിരെ ഫുഡ് സേഫ്റ്റി അധികൃതരും അടൂർ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് പഴകുളത്തുള്ള എ.എസ്. എന്ന മത്സ്യ മൊത്ത വ്യാപാര സ്ഥാപനത്തിൽ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ സ്ഥാപന നടത്തിപ്പുകാരുമായി തർക്കമുണ്ടായി. ട്രോളിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും എം.എൽ.എയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.