മാന്നാർ: ബുധനൂർ - ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാലപ്പഴക്കമേറിയ മഠത്തിൽകടവ് (നെൽപ്പുരകടവ്) ആംബുലൻസ് പാലം പൊളിച്ചുമാറ്റാൻ കളക്ടർ ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ 13ന് പുതിയ പാലം തുറന്ന് കൊടുത്തെങ്കിലും പഴയപാലം പൊളിച്ചിരുന്നില്ല. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു നവകേരള സദസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
കുട്ടമ്പേരൂർ ആറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മഠത്തിൽകടവ് ആംബുലൻസ് പാലം പൊളിച്ചുനീക്കണമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പായില്ല. നേരത്തെ കടത്തുവള്ളമാണ് ഈ കടവിൽ യാത്രയ്ക്കായി ആളുകൾ ഉപയോഗിച്ചിരുന്നത്. യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇവിടെ 2004ൽ ആണ് വീതി കുറഞ്ഞ ആംബുലൻസ് പാലം നിർമിച്ചത്. എസ്.രാമചന്ദ്രൻപിള്ള എം.പിയുടെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. വീതികുറഞ്ഞ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് സഞ്ചരിച്ചിരുന്നത്. മഠത്തിൽകടവിൽ വീതികൂടിയ പുതിയ പാലം നിർമിക്കണമെന്നാവശ്യം ശക്തമായതോടെയാണ് പുതിയ പാലം നിർമ്മിച്ചത്. 11.8 കോടി രൂപ വിനിയോഗിച്ച് വാഹന 9.70 മീറ്റർ വീതിയിൽ നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്‌ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നിർവഹിച്ചത്.
ചെന്നിത്തല പള്ളിയോടത്തിന് വഴി തെളിഞ്ഞു
1.ആറൻമുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കാൻ എറെ ദൂരം താണ്ടിയെത്തുന്ന ചെന്നിത്തല 93-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം ഏറെ കടമ്പകൾ കടന്ന് ഇതുവഴിയാണ് കടന്നു പോകുന്നത്
2.പുതിയ പാലം വന്നെങ്കിലും ആംബുലൻസ് പാലം പൊളിച്ചു നീക്കിയെങ്കിലേ പള്ളിയോടത്തിന്റെ യാത്ര സുഗമമാകുകയുള്ളൂ.
3.രണ്ട് തൂണുകളുള്ള ആംബുലൻസ് പാലത്തിന്റെ ഇടയിലൂടെ കടന്നു പോകുമ്പോൾ പള്ളിയോടത്തിന്റെ മുകൾഭാഗം പാലത്തിൽതട്ടി വള്ളം മറിയൻ ഇടയാകും
4.പാലത്തിന് സമീപം എത്തുമ്പോൾ പള്ളിയോടത്തിന്റെ അമരം ഇളക്കിമാറ്റി ഗിയർ സിസ്റ്റം ഉപയോഗിച്ച് അമരം പുറകോട്ട് നീക്കി താഴേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
പാലം പൊളിച്ചുമാറ്റുന്നതിന് ടെൻഡർ നടപടികൾ ആരംഭിച്ചു
- പുഷ്പലത മധു, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്