അടൂർ :എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്‌കുമാറും യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനനും പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിന് കാരണം ഭരണപക്ഷത്തിന്റെ അതിരുകടന്ന മുസ്ളീം പ്രീണനമാണെന്ന സത്യം വിളിച്ചു പറഞ്ഞതിന് അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്നും മനോധൈര്യം കെടുത്താമെന്നും ആരും കരുതേണ്ടതില്ല, അദ്ദേഹത്തെ വർഗീയവാദിയെന്ന് മുദ്രകുത്താനും അധിക്ഷേപിക്കുവാനും ശ്രമിക്കുന്നവരെ ചെറുത്തുതോൽപ്പിക്കും.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എടുത്തുകളയണമെന്നല്ല അദ്ദേഹം പറഞ്ഞത്, അവർക്ക് വാരിക്കോരി നൽകുമ്പോൾ ഭൂരിപക്ഷം വരുന്ന പിന്നാക്കക്കാർക്ക് കൂടി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങളും അധികാരങ്ങളും നൽകണമെന്നാണ്. അതിരുകടന്ന മുസ്ളീം പ്രീണനം മൂലം ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടർമാരായ പിന്നാക്ക, പട്ടികജാതി-വർഗ ജനസമൂഹം എൽ.ഡി.എഫിൽ നിന്ന് അകന്നു എന്ന യാഥാർത്ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

വെള്ളാപ്പള്ളിയേപ്പോലെ സത്യം പറയുന്നവരെ വർഗീയവാദികളായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാനും ഇത് ഇനിയും തുടർന്നാൽ എല്ലാ ശാഖ യോഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും, പൊതുയോഗങ്ങളും, നടത്താനും യൂണിയൻ തീരുമാനിച്ചു .