റാന്നി: ദിവസേന നിരവധി സ്വകാര്യ വാഹനങ്ങളും സ്‌കൂൾ ബസുകളടക്കം സഞ്ചരിക്കുന്ന റോഡിലെ സംരക്ഷണ ഭിത്തി തകർന്നിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. ബ്ലോക്കുപടി - തോട്ടമൺ പെരുമ്പുഴ റോഡിൽ ബ്ലോക്കുപടിയിൽ റോഡിന്റെ തുടക്കത്തിലാണ് സംരക്ഷണ ഭിത്തി തകർന്നത്. കഴിഞ്ഞ മാസം കൂറ്റൻ മരവുമായി വന്ന ക്രെയിൻ ഇവിടെ മറിഞ്ഞതോടാണ് തിട്ടൽ ഇടിഞ്ഞത്. ഇതോടെ റോഡ് വളരെ അപകടവസ്ഥയിലയി. നിരവധി സ്‌കൂൾ ബസുകളാണ് ഈ ഭാഗത്ത് കൂടി നിത്യവും യാത്ര ചെയ്യുന്നത്. കോഴഞ്ചേരി ബ്ലോക്കുപടി റോഡിൽ നിന്നും ഈ ഭാഗത്തേക്ക് സ്‌കൂൾ ബസുകൾ തിരിഞ്ഞു കയറുന്നത് ഇടിഞ്ഞ തിട്ടലിന് സമീപത്തു കൂടിയാണ്. വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അതിർത്തി തിരിച്ച് കല്ലിട്ട ബൈപ്പാസ് റോഡാണിത്. സാങ്കേതിക കാരണങ്ങളാൽ നിർമ്മാണ ജോലികൾ വൈകുന്നതു കാരണം അപകടം ഉണ്ടാകാൻ സാദ്ധ്യത കൂടുതലെന്നാണ് നാട്ടുകാരുടെ ആരോപണം. അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് ഇവിടെ സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നാണ് ആവശ്യം ശക്തമാണ്.