 
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡിൽ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസ് പിടിയിലെ ഓട്ടോ സ്റ്റാൻഡിന് മുൻ ഭാഗത്തെ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്ത് ഓഫീസ് പടി -പരിയാരം -കോമളം റോഡുകൾ സന്ധിക്കുന്നത് മല്ലപ്പള്ളി-തിരുവല്ല റോഡിലെ പഞ്ചായത്ത് പടിയിലാണ്. തിരുവല്ല ഭാഗത്തേക്കു പോകുന്ന ബസുകൾ ഇവിടുത്തെ കൊടുംവളവിൽ നിറുത്തിയാണ് ആളുകളെ കയറ്റുന്നത്. എതിർ ദിശയിൽ നിന്ന് എത്തുന്ന മറ്റ് വാഹനങ്ങൾക്കും തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ഇത് സഞ്ചാര തടസം സൃഷ്ടിക്കുകയും, ചെറിയ വാഹനങ്ങൾ ബസിനെ മറികടന്നാൽ അപകടം ഉണ്ടാകാനും സാദ്ധ്യത ഏറെയാണ്. റോഡിൽ വളവും കയറ്റവും കൂടിയാകുമ്പോൾ ഏത് നിമിഷവും അപകടം സംഭവിക്കാം. ടിപ്പർ ലോറികൾ ഉൾപ്പെടെ പോകുന്ന റോഡാണിത്. ഭാരവാഹനങ്ങൾ കേറ്റത്തിൽ നിറുത്തേണ്ട സ്ഥിതിയായതിനാൽ ഗതാഗതക്കുരുക്കും പതിവാണ്.
താലൂക്ക് വികസന സമിതിയോഗത്തിലും നടപടിയില്ല
നേരത്തെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായെങ്കിലും നടപടികൾ ഇല്ലാതെ തുടരുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പരിയാരം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ നന്നേ ബുദ്ധിമുട്ടിയാണ് മല്ലപ്പള്ളി - തിരുവല്ല റൂട്ടിലേക്ക് പ്രവേശിക്കുന്നത്. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്. ഇവിടെ ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
................................
റോഡിന്റെ വീതി കുറവും, വളവും അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണം.
സുരേഷ്
(ടാക്സി ഡ്രൈവർ)
........................
1. റോഡിന് വീതി കുറവ്
2, ടിപ്പർ ലോറികൾ ഉൾപ്പെടെ പോകുന്ന റൂട്ട്
3. ഗതാഗതക്കുരുക്ക് പതിവ്
..................
പരിഹാരം
ബസ് സ്റ്റോപ്പ് 50 മീറ്റർ മാറ്റി സ്ഥാപിക്കണം
...................
ഇടുങ്ങിയതും തിരക്കുള്ളതുമായ റോഡുകളിലെ അപകടത്തിനും ഗതാഗതക്കുരുക്കിനും അറുതി വരുത്താൻ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.