തിരുവല്ല : നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി. തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ വൈ.എം.സി.എക്ക് എതിർവശം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കിയോസ്ക് പ്രവർത്തിക്കുന്നത്. കുടുംബശ്രീ ഈസ്റ്റ് സി.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡ് 13ലെ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. കുടുംബശ്രീ കൃഷി സംഘങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ നഗരപ്രദേശങ്ങളിലും വിപണനം നടത്തുക, മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക, വിഷരഹിത പച്ചക്കറികൾ നഗരവാസികൾക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്. കിയോസ്ക് നിർമ്മാണത്തിനായി കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും രണ്ട് ലക്ഷം രൂപ സി.ഡി.എസിന് അനുവദിച്ചിരുന്നു. നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജിജി വട്ടശേരിൽ ആദ്യ വില്പന സ്വീകരിച്ചു. കൗൺസിലർമാരായ മാത്യൂസ് ചാലക്കുഴി, സാറാമ്മ ഫ്രാൻസിസ്, റീനാ വിശാൽ, അനു സോമൻ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, സി.ഡി.എസ് മെമ്പർ സെക്രട്ടറി ഉമേഷിത, എൻ.യു.എൽ.എം മാനേജർ അജിത്, എം.കെ.എസ്.എച്ച് ബ്ലോക്ക് കോർഡിനേറ്റർ മഞ്ജു, അക്കൗണ്ടന്റ് നിഷ, റിസോഴ്സ്പേഴ്സണമാർ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.