
പ്രമാടം : ഈറ്റ ഷാമത്തെ തുടർന്ന് ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജില്ലയിലെ എ ക്ളാസ് ഡിപ്പോയാണിത്. മാസങ്ങളായി ഈറ്റ എത്താതായതോടെ ജീവനക്കാരും കർഷകരും പരമ്പരാഗത തൊഴിലാളികളും ദുരിതത്തിലാണ്. മുന്തിയ ഇനം
ഈറ്റയാണ് പൂങ്കാവിൽ ലഭിച്ചിരുന്നത്. ഇതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറെയാണ്. ജില്ലയ്ക്ക് പുറത്തുനിന്ന് വരെ ആളുകൾ ഇവിടെ എത്തി ഈറ്റ ശേഖരിച്ചിരുന്നു. പൂങ്കാവിലെ ചന്ത ദിവസങ്ങളായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഈറ്റവ്യാപാരം നടന്നിരുന്നത്. ഈറ്റ ശേഖരണ സ്ഥലം കാടുകയറിയ നിലയിലാണ്. ഇവിടുത്തെ ദിവസ വേതന തൊഴിലാളികൾ മറ്റ് ജോലികൾ തേടി പോയി.
വെറ്റിലക്കൊടി കർഷകർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വസ്തുവാണ് ഈറ്റ. കൊടി പടർന്ന് തുടങ്ങുന്ന സമയം മുതൽ ഈറ്റ ആവശ്യമാണ്. പടർന്ന് പന്തലിക്കുന്ന കൊടിക്ക് പന്തൽ ഇടുന്നത് പ്രധാനമായും ഈറ്റ ഉപയോഗിച്ചാണ്. ഭൂരിഭാഗം വെറ്റിലക്കൊടിയും പന്തലിൽ കയറാൻ പാകമായവയാണ്. പൂങ്കാവ് ഡിപ്പോയിൽ ലഭിച്ചിരുന്നത് മുന്തിയ ഇനം ഈറ്റ ആയതിനാൽ സമീപ ജില്ലകളിൽ നിന്നും ഇവിടെ കർഷകർ എത്തിയിരുന്നു. പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽ വരുന്ന ശബരിമല, ഗൂഡ്രിക്കൽ വന മേഖലയിൽ നിന്ന് ബാംബുകോർപ്പറേഷൻ ശേഖരിക്കുന്ന ഫസ്റ്റ് ക്വാളിറ്റി ഈറ്റയാണ് ഇവിടെയെത്തുന്നത്.
കുട്ട, വട്ടി, പരമ്പ്, കൂടകൾ, വിവിധ കരകൗശല വസ്തുകൾ തുടങ്ങിയവ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ദുരിതത്തിലാണ്. ഈറ്റ ലഭ്യമല്ലാതായതോടെ മിക്ക കുടുംബങ്ങളുടെ സ്ഥിതിയും ദയനീയമാണ്. പരമ്പരാഗതമായി ഈറ്റ ഉല്പാദനങ്ങളിൽ മാത്രം ജോലി നോക്കിയതിനാൽ മിക്കവർക്കും മറ്റ് തൊഴിലുകളും അറിയില്ല.നിരവധി കുടുംബങ്ങൾ ഇത്തരത്തിൽ ഉപജീവനം നടത്തി ജീവിക്കുന്നുണ്ട്.
പണമില്ല, പിന്നാലെ പ്രതിഷേധവും
വനംവകുപ്പിന് ബാംബുകോർപ്പറേഷൻ പണം അടയ്ക്കേണ്ടത് സംബന്ധിച്ച പ്രശ്നം ഇൗറ്റവെട്ടിനെ ബാധിച്ചിട്ടുണ്ട്. വനത്തിൽ നിന്ന് പതിനായിരം മെട്രിക് ടൺ ഇൗറ്റ 2025 വരെ ഘട്ടംഘട്ടമായി സൗജന്യ നിരക്കിൽ വെട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു. കൂലി സംബന്ധിച്ച് ഇൗറ്റ വെട്ട് തൊഴിലാളി യൂണിയനുകളുടെയും ലോറിത്തൊഴിലാളികളുടെയും പ്രതിഷേധവും തടസമായി. ഇവയ്ക്കെല്ലാം പരിഹാരം കണ്ടെങ്കിലേ വെട്ട് പുനരാരംഭിക്കാനാകു.
---------------------
ജില്ലയിലെ എ ക്ളാസ് ഡിപ്പോ
കർഷകരും പരമ്പരാഗത തൊഴിലാളികളും പ്രതിസന്ധിയിൽ.
ഈറ്റ വെട്ടുന്നതിന് നിയന്ത്രണമില്ലെന്ന് വനം വകുപ്പ്.
ജി.എസ്.ടി ഉൾപ്പടെയുള്ള പ്രതിസന്ധികളുണ്ടെന്ന് കോർപ്പറേഷൻ