
തിരുവല്ല : ജീവിക്കാൻ വഴിതേടി മറുനാട്ടിൽ പോയി സ്വരൂക്കൂട്ടിയ പണംകൊണ്ട് മേപ്രാലിൽ നിർമ്മിച്ച സ്വപ്ന ഭവനത്തിലേക്ക് തോമസിന്റെ ചേതനയറ്റ മൃതദേഹം എത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും അലമുറയിട്ട് കരഞ്ഞു. ഗൃഹപ്രവേശനത്തിനായി ഒരുക്കങ്ങൾ പൂർത്തിയാകുന്ന ആ വീട്ടിലേക്ക് ആഗസ്റ്റിൽ എത്തുമെന്ന് അറിയിച്ചാണ് തോമസ് ആറുമാസം മുമ്പ് കുവൈറ്റിലേക്ക് മടങ്ങിപ്പോയത്. ഇങ്ങനെയൊരു തിരിച്ചുവരവ് ആരും ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്വപ്നഭവനത്തിൽ കുടുംബത്തോടൊപ്പം കഴിയാമെന്ന ഈ യുവാവിന്റെ പ്രതീക്ഷകളാണ് കത്തിയമർന്നത്. കുവൈറ്റിലെ ഫ്ളാറ്റിന് തീ പിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച മേപ്രാൽ ചിറയിൽ മരോട്ടിമൂട്ടിൽ തോമസ് സി. ഉമ്മന്റെ (ജോബി 37) മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നിനാണ് ഗൃഹപ്രവേശം നടക്കാത്ത ആ വീട്ടിലേക്ക് എത്തിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെയാണ് വീട്ടിലെത്തിച്ചത്. വൻജനാവലിയാണ് നിറകണ്ണുകളുമായി തോമസിനെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്. തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊന്നാകെ എത്തിയതോടെ ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. കുറച്ചുനേരം മാത്രം പുതിയ ഭവനത്തിൽ വച്ച മൃതദേഹം പിന്നീട് കുടുംബ വീട്ടിലേക്ക് കൊണ്ടുവന്നു. തോമസിന്റെ ഭാര്യ മറിയാമ്മ, യു.കെ.ജി വിദ്യാർത്ഥിയായ മകൾ ജസീക്ക, പിതാവ് ഉമ്മൻ, മാതാവ് റാണി, സഹോദരൻ ജേക്കബ് എന്നിവരെല്ലാം മൃതദേഹത്തെ അനുഗമിച്ചു. തോമസിന്റെ മൃതദേഹം എത്തുന്നതും കാത്ത് ഇവിടെയും വൻജനക്കൂട്ടം ഉണ്ടായിരുന്നു.
തോമസിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.