മല്ലപ്പള്ളി : പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ എഴുമറ്റൂർ വടക്കത്ത് പിടിക്കലും, നാരകത്താനി ജംഗ്ഷന് സമീപത്തും പാതയോരത്ത് ഇറക്കി ഇട്ടിരിക്കുന്ന മരത്തടികൾ അപകടഭീഷണിയാകുന്നു. മാസങ്ങളായി ഇറക്കിയിട്ടിരിക്കുന്ന വലുതും ചെറുതുമായ മരത്തടികളാണ് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാഷണൽ പെർമിറ്റ് ലോറികളിൽ ക്രെയിൻ ഉപയോഗിച്ച് ഇവ കയറ്റുന്നതും പലപ്പോഴും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്. കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിലെ നെയ്തേലിപ്പടി റോഡ് സന്ധിക്കുന്ന സ്ഥലത്തും, നിരവധി സ്കൂൾ വാഹനങ്ങളും ടിപ്പർ ലോറികളും കടന്നുപോകുന്ന എഴുമറ്റൂർ വായനശാല ജംഗ്ഷന് സമീപത്തെ വടക്കത്ത് പടിയിലുമാണ് തൽസ്ഥിതി തുടരുന്നത്. വലതും ചെറുതുമായ തടി റോഡ് അരുകിൽ അലക്ഷ്യമായി ഇടുന്നതിനാൽ സമീപപ്രദേശങ്ങളിലുള്ള കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും തടിയിൽ തട്ടി അപകടം ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. രണ്ടാഴ്ചകൾക്ക് മുമ്പ് എക്കുളത്തിപ്പടിക്ക് സമീപം സ്കൂട്ടർ യാത്രക്കാരനായ മുതുപാല സ്വദേശിയായ യുവാവ് തടിയിൽ തട്ടി അപകടം സംഭവിച്ചിരുന്നു. അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.