
മല്ലപ്പള്ളി : കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച കീഴ് വായ്പൂര് നെയ്തേലിപ്പടി തേവരോട്ട് വീട്ടിൽ സിബിൻ ടി.ഏബ്രഹാമിന്റെ സംസ്കാരം ഇന്ന് 11ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 2.30ന് പടുതോട് സെന്റ് തോമസ് മാർത്തോമാപള്ളിയിൽ നടക്കും. ഏബ്രഹാം മാത്യുവിന്റയും (ബാബു) പരേതയായ ആലീസ് ഏബ്രഹാമിന്റെയും മകനാണ്. ഭാര്യ: അഞ്ചു, ഏകമകൾ : അയ്റിൻ ആലീസ് സിബി (എട്ട് മാസം).
മാത്യു തോമസിന്റെ സംസ്കാരം മൂന്ന് മണിക്ക്
ചെങ്ങന്നൂർ : തീപിടിത്തത്തിൽ മരിച്ച ചെങ്ങന്നൂർ പാണ്ടനാട് മണക്കണ്ടത്തിൽ മാത്യു തോമസിന് (53) ഇന്ന് നാട് യാത്രാമൊഴിയേകും. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30 ഓടെ വിലാപയാത്രയായി പാണ്ടനാട്ടിലെ വസതിയിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് ജോർദാൻപുരം ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ സംസ്കരിക്കും. സഭയിലെ മെത്രാപ്പോലിത്തമാർ കാർമ്മികത്വം വഹിക്കും.
സജു വർഗീസിന്റെ സംസ്കാരം ഉച്ചയ്ക്ക് രണ്ടിന്
കോന്നി : കുവൈറ്റിൽ മരിച്ച അട്ടച്ചാക്കൽ കൈതക്കുന്ന് ചെന്നശ്ശേരിൽ സജു വർഗീസിന്റെ സംസ്കാരം ഇന്ന് നടക്കും. അടൂർ മൗണ്ട് സീയോൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8ന് അട്ടച്ചാക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് അട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ സംസ്കരിക്കും. ഡോ.ജോസഫ് മാർ ബെർണബസ് സഫഗ്രൻ മെത്രാപ്പൊലീത്ത സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിലാപയാത്ര കടന്നുപോകുമ്പോൾ അട്ടച്ചാക്കൽ കൈതക്കുന്നിലെ വീട് മുതൽ മാർത്തോമ പള്ളി വരെ ഗതാഗതം റോഡിൽ ഒരുവശത്തേക്ക് മാത്രമായി ക്രമീകരിക്കുമെന്ന് കോന്നി ഡിവൈ.എസ്.പി അറിയിച്ചു. മന്ത്രി പി.പ്രസാദ് ഇന്നലെ സജു വർഗീസിന്റെ വീട്ടിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
തോമസിന് കണ്ണീരോടെ യാത്രാമൊഴി
തിരുവല്ല : കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ തോമസ് സി ഉമ്മന് (ജോബി - 37) ആയിരങ്ങളുടെ അന്ത്യാഞ്ജലി. മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷം ഇന്നലെ വൈകിട്ട് 4.15 ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്ക്കാരം നടത്തി. മത, സാമൂഹിക, രാഷ്ട്രിയ, സാംസ്ക്കാരിക മേഖലകളിലെ നൂറൂകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.