മല്ലപ്പള്ളി: കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൃഷിയും ഒരുപാഠം എന്ന പേരിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല പച്ചക്കറി കൃഷി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മഠത്തുംഭാഗം ജനതാ പബ്ലിക് ലൈബ്രറിഹാളിൽ ചേർന്ന സമ്മേളനത്തിൽ ജൈവവൈവിദ്ധ്യ സംരക്ഷകൻ അജയകുമാർ വലിയൂഴത്തിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. പ്രസിഡന്റ് സി.കെ. മത്തായി അദ്ധ്യക്ഷനായിരുന്നു. ബ്ളോക്ക് പഞ്ചായത്തംഗം അമ്പിളി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എ.പ്രവീണ,സംഘം ഭാരവാഹികളായ ലെജു ഏബ്രഹാം, വിജോയ് പുത്തോട്ടിൽ, സതീഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. കുട്ടികളിൽ കൃഷിആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്ളസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പച്ചക്കറികൃഷിതോട്ട നിർമ്മാണ മത്സരം സംഘടിപ്പിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ക്യാമ്പ് പ്രൈസും 12 കുട്ടികൾക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകി. ദിയ സത്യൻ, ലിയോണ ലിസ മനോജ്, നിയ മറിയം വർഗീസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കഴിഞ്ഞ ദിവസം മണിമലയാറ്റിൽ മുങ്ങി താണ യുവാവിനെ രക്ഷിച്ച ഏബ്രഹാം ഉമ്മനെ ചടങ്ങിൽ ആദരിച്ചു.