കോന്നി: കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസിന് നാട് കണ്ണീരോടെ വിടനൽകി. അടൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിച്ചു. നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയോടെ അട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ സംസ്കരിച്ചു. ഡോ: ജോസഫ് മാർ ബർണബോസ് സഫഗ്രൻ മെത്രാപോലീത്ത സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ: എബ്രഹാം മാർ സെറാഫിം, കെ യു ജനീഷ് കുമാർ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, സി.പി.എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ, എൻ.ബി.ടി .സി കമ്പനി ചെയർമാൻ കെ.ജി എബ്രഹാം എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ വീണാജോർജ്, പി പ്രസാദ് എന്നിവർ നേരത്തെ വീട്ടിൽ എത്തിയിരുന്നു. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസിന് സ്കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ഇളയ മകൾ എമിലിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് നാട്ടിൽ വരാൻ ഇരിക്കുമ്പോഴാണ് സജു വർഗീസ് മരിച്ചത്.