ചെങ്ങന്നൂർ: റീബിൾഡ് കേരളയിൽ ഉൾപ്പെടുത്തിയ പഴഞ്ചിറ-ചെറുവല്ലൂർ -കല്യാത്ര റോഡിലെ യാത്ര അപകടക്കെണിയാകുന്നു. ചെറിയനാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്നും ആരംഭിക്കുന്നതാണ് ഈ റോഡ്. ചെറുവല്ലൂർ പഴഞ്ചിറ ജംഗ്ഷന് തൊട്ടുകിഴക്ക് ഭാഗത്തായി കൊല്ലക്കടവ് - കുളനട പി.ഡബ്ല്യു.ഡി റോഡിൽ നിന്ന് ആരംഭിക്കുന്നതും വെൺമണി പഞ്ചായത്തിലെ കല്യാത്ര മുക്കിന് തെക്കുഭാഗത്ത് എത്തിച്ചേരുന്നതുമായ റോഡാണിത്. പഴഞ്ചിറ ഭാഗത്ത് റോഡ് തുടങ്ങുന്ന ഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന കലുങ്ക്, റോഡ് പുതുക്കിനിർമ്മിച്ചപ്പോൾ ഇല്ലാതായി. എന്നാൽ സമീപത്തെ കൊല്ലക്കടവ്- കുളനട പി.ഡബ്ല്യു.ഡി റോഡ് ഏകദേശം ആറടി ഉയരത്തിലായി കിടക്കുന്നു. ഈ റോഡിൽ നിന്നും വെള്ളം കുത്തിയൊലിച്ച് പഴഞ്ചിറ - ചെറുവല്ലൂർ -കല്യാത്ര റോഡിലാണ് വീഴുന്നത്.

റോഡിൽ വലിയ ഗ‌ർത്തം

പുതിയ റോഡിന്റെ ഭാഗങ്ങൾ അടർന്ന് റോഡിൽ വൻഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. മുന്നുഭാഗത്തേക്കും കടന്നുപോകുന്ന റോഡ് ജംഗ്ഷനിൽ രൂപം കൊണ്ട് ഗർത്തം യാത്രക്കാരെ ഭീതിയിഴ്ത്തുന്നു. വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. നുറുകണക്കിന് യാത്രക്കാർ ദിവസവും ഉപയോഗിക്കുന്ന റോഡാണിത്. നിരവധി സ്‌കൂൾ വാഹനങ്ങളും ദിവസവും കടന്നുപോകുന്നുണ്ട്. നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ട് യാത്രക്കാർക്ക് പരിക്കേൽക്കുന്നുണ്ട്.

കൈയൊഴിഞ്ഞ് കരാറുകാരൻ

റീബിൽഡ് കേരളയിൽ രണ്ടരക്കോടി രൂപയിലേറെ ചെലവാക്കി നിർമ്മിച്ച റോഡാണിത്. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പണി പൂർത്തീകരിച്ച് റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കണമെന്ന് മാസങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കരാറുകാരനും അധികാരികളും കൈമലർത്തുകയാണെന്ന ആക്ഷേപമുണ്ട്.

..........

റോഡിലെ ഗർത്തം അടിയന്തരമായി നികത്തി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണം.

ബെന്നി

(പ്രദേശവാസി)

.............................

നിർമ്മാണച്ചെലവ് രണ്ടരക്കോടി