മല്ലപ്പള്ളി: സംരക്ഷണവേലിയില്ലാത്ത ഉപേക്ഷിക്കപ്പെട്ട പാറമടക്കുളങ്ങൾ അപകടക്കെണിയാകുന്നു. താലൂക്ക് മേഖലയിൽ കോട്ടാങ്ങൽ , കൊറ്റനാട്, എഴുമറ്റൂർ , മല്ലപ്പള്ളി,ആനിക്കാട് കുന്നന്താനം, കല്ലൂപ്പാറ ,പുറമറ്റം പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ 48 പാറക്കുളങ്ങളാണുള്ളത്. ഇപ്പോൾ ഇതിൽ പലതും കുളങ്ങളായിട്ടാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ ഇവയുടെ താഴ്ച 20 അടി മുതൽ 240 അടി വരെ താഴ്ചയുള്ളതിനാൻ അപരിചിതർ കുളത്തിൽ കുളിക്കുന്നതിനോ, മീൻ പിടിക്കുന്നതിനോ, മറ്റ് വിനോദങ്ങൾക്കോ എത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം. നിർമ്മാണ, ഗാർഹികേതര ആവശ്യങ്ങൾക്കാണ് ഇതിലെ ജലം കൂടുതലായും ഉപയോഗിക്കുന്നത്. കുളത്തിന് സമീപപ്രദേശങ്ങളിൽ ഉള്ളവരിൽ ചിലർ കൃഷിയിടങ്ങൾ നനക്കുന്നതിനും, കിണർ റീചാർജിംഗിനും ജലം വിനിയോഗിക്കാറുണ്ട്. ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ജലത്തിൽ വെടിമരുന്നിന്റെ രാസ സാന്നിദ്ധ്യം ഇപ്പോഴും ജലത്തിനുള്ളിലുള്ളതിനാൽ ഗാർഹി ആവശ്യങ്ങൾക്കായി കുളത്തിലെ ജലം ഉപയോഗിക്കുകയില്ല. വേനൽക്കാലത്തും പൊതു അവധി ദിവസങ്ങളിലും മിക്കയിടങ്ങളിലും യുവാക്കളും, കുടുംബസമേതമായി ആളുകളും ഇത്തരം വെള്ളക്കെട്ടുകളിൽ നീന്താനും സാഹസിക ചിത്രങ്ങൾ പകർത്തുന്നതിനും മീൻ പിടിക്കാനുമായി എത്താറുണ്ട്. ഇത്തരം സംഘങ്ങളുടെ വരവ് പലപ്പോഴും മുങ്ങിമരണങ്ങൾക്ക് ഇടയായിട്ടുണ്ട്.
അടിത്തട്ടുകളിൽ പായലും ചെളിയും
കുളത്തിലെ കെട്ടിക്കിടക്കുന്ന ജലത്തിന് കാഠിന്യം കൂടുതലും അടിത്തട്ടുകളിൽ പായലും ചെളിയും ഒപ്പം തണുപ്പും അതിശക്തമായതിനാൽ നീന്തൽ അറിയാവുന്നവർക്കും ഇവിടെ ജലത്തിൽ അധിയസമയം നിൽക്കുന്നതിന് കഴിയില്ല.
സർക്കാർ ഉത്തരവുകൾ പാലിക്കപ്പെടുന്നില്ല
സംരക്ഷണവേലി പോലുമില്ലാത്തവയാണ് മിക്ക പാറക്കുളങ്ങളും, ക്വാറി ഉടമകൾ ലൈസൻസ് എടുക്കുമ്പോൾ അടയ്ക്കുന്ന സുരക്ഷാ ഫണ്ട് ഉപയോഗിച്ച് സംരക്ഷണമതിലിന് കളക്ടർ നടപടി എടുക്കമെന്ന സർക്കാർ ഉത്തരവും പാലിക്കപ്പെടുന്നില്ല.
...................................
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തത്തോടെ ജലം ശുദ്ധീകരിച്ച് വാട്ടർ പാർക്കുകൾക്കും ,നീന്തൽ പരിശീലന കേന്ദ്രങ്ങൾ മത്സ്യകൃഷി എന്നിവ ഫലപ്രദമായി നടപ്പിലാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുകയും സംരക്ഷണവേലികൾ നിർമ്മിക്കുകയും ചെയ്താൽ വരുമാനദായകവും അപകടരഹിതവുമായി മാറ്റിയെടുക്കുവാൻ കഴിയും.
(പ്രദേശവാസികൾ)
..................................
48 പാറക്കുളങ്ങൾ
...............................
20 അടി മുതൽ 240 അടി വരെ താഴ്ച
10 സെന്റ് മുതൽ 9 ഏക്കർ വരെ വിസ്തീർണ്ണം
5 വർഷത്തിനിടയിൽ 14 ഓളം ജീവനുകൾ പൊലിഞ്ഞു
...........
വിജനത രക്ഷപെടാനുളള സാദ്ധ്യത കുറയ്ക്കും