
പത്തനംതിട്ട : നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ പത്തനംതിട്ട നഗരത്തിലുണ്ടായിരിക്കുന്ന സ്തംഭനാവസ്ഥ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ യൂണിറ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാലു വർഷമായിട്ടും പത്തനംതിട്ട അബാൻ മേൽപ്പാലം പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും അതിനോടു ചേർന്നുളള റോഡുകളിലെയും വ്യാപാര മേഖല സ്തംഭനത്തിലാണ്. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമാണം പൂർത്തീകരിച്ചിട്ടും കടമുറികൾ വാടകയ്‌ക്കെടുത്തവർക്ക് അനുവദിച്ചു നൽകിയിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കെട്ടിടനിർമ്മാണം ആരംഭിച്ചതിനു പിന്നാലെ ടി.കെ റോഡിലെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ പ്രധാന നിരത്തുകളിലെ വ്യാപാരികൾ പ്രതിസന്ധിയിലായി. അശാസ്ത്രീയമായ പരിഷ്‌കാരമാണ് പത്തനംതിട്ടയിൽ നടന്നുവരുന്നത്.
ആശുപത്രി കെട്ടിട നിർമ്മാണവും നഗരത്തിലെ മറ്റ് മരാമത്ത് ജോലികളും നീണ്ടു പോയാൽ വ്യാപാരികൾ കടക്കെണിയിലാകും. മുനിസിപ്പൽ അധികൃതരുടെ അനാസ്ഥമൂലം കഴിഞ്ഞ നാലു വർഷമായി കംപ്യൂട്ടറൈസേഷൻ പൂർത്തീകരിക്കാത്തതിനാൽ മുനിസിപ്പൽ ആവശ്യത്തിന് എത്തുന്ന വ്യാപാരികൾ ദുരിതത്തിലാണ്. കൃത്യമായ രേഖകൾ മുൻസിപ്പാലിറ്റിയിൽ നിന്ന് ലഭിക്കാതെ വരുകയും കാലതാമസം നേരിടുകയും ചെയ്യുന്നു . ഇതു വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. യൂണിറ്റ് പ്രസിഡന്റ് ടി.ടി.അഹമ്മദ് , ജനറൽ സെക്രട്ടറി ജോർജ് വർഗീസ് അജന്ത, വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, കെ.സി.വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം
പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പത്തനംതിട്ട യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട വ്യാപാരഭവനിൽ നടക്കും. ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ടി.ടി.അഹമ്മദ് അദ്ധ്യക്ഷത വഹിക്കും.