
പത്തനംതിട്ട : നഗരസഭയുടെ നേതൃത്വത്തിൽ കുമ്പഴയിൽ പ്രവർത്തിക്കുന്ന എൻ.എച്ച്.എം ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കേണ്ട ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഉച്ചക്ക് ഒരു മണിക്ക് വരെയുള്ളൂ. ഡോക്ടർ പോയാലുടൻ ആശുപത്രി പൂട്ടും. കഴിഞ്ഞ ഒന്ന് മുതലാണ് ആശുപത്രി ഉച്ചയ്ക്ക് പൂട്ടിയിടുന്നത്. ഇത് കാരണം ആശുപത്രിയെ ആശ്രയിക്കുന്ന നിരവധി പേർ ബുദ്ധി മുട്ടുകയാണ്. കുമ്പഴ മേഖലയിലെ പത്തോളം വാർഡുകളിലെ ജനങ്ങൾക്ക് സഹായകരമായിരുന്ന ആശുപത്രിയിൽ ലാബ്, ഫാർമസിസ്റ്റ് ഉൾപ്പെടെ എല്ലാം സൗകര്യങ്ങളുമുണ്ട്.
2014ൽ അഡ്വ.എ.സുരേഷ് കുമാർ ചെയർമാനായിരുന്നപ്പോൾ അന്നത്തെ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാറിന് നിവേദനം നൽകിയതിനെ തുടർന്നാണ് നഗരസഭയ്ക്ക് എൻ.എച്ച്.എം ആശുപത്രി അനുവദിച്ചത്. ആദ്യം ടൗണിലുള്ള നഗരസഭയുടെ പഴയ കെട്ടിട്ടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കുമ്പഴയിലോട്ടു മാറ്റുകയായിരുന്നു. റോസ്ലിൻ സന്തോഷ് ചെയർപേഴ്‌സണായിരുന്നപ്പോഴാണ് ഇപ്പോഴത്തെ കെട്ടിട്ടം നിർമിച്ചത്.
പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ
വൈകിട്ട് അഞ്ച് വരെ, ഉച്ചകഴിഞ്ഞ് പൂട്ടിയിടുന്നു
'' എൻ.എച്ച്.എം ആശുപത്രി പൂർണസമയം പ്രവർത്തിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച നിവേദനം നഗരസഭ സെക്രട്ടറിക്ക് നൽകി.
അഡ്വ.എ.സുരേഷ് കുമാർ, നഗരസഭ മുൻ ചെയർമാൻ