
മുളക്കുഴ : പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജനപ്രതിനിധികൾ മുളക്കുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കിടപ്പുസമരം നടത്തി. നഴ്‌സ് ഇല്ലാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നിയമനം നടത്താത്തത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് ബി.ജെ.പി അംഗം പ്രമോദ് കാരയ്ക്കാട് കുറ്റപ്പെടുത്തി. ഇലക്ഷൻ നോട്ടിഫിക്കേഷൻ വരുന്നതിന് എഴ് ദിവസം മുൻപാണ് നഴ്‌സ് പിരിഞ്ഞു പോയത്. ഭരണപക്ഷ ജനപ്രതിനിധികൾ തമ്മിലുള്ള തർക്കമാണ് നിയമനം വൈകാൻ കാരണം. പാലിയേറ്റീവ് നഴ്‌സിന്റെ അഭാവത്തിൽ വലിയ ഫീസ് നൽകി പുറത്ത് നിന്നുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരെയാണ് കിടപ്പുരോഗി പരിചരണത്തിന് നിയോഗിച്ചിട്ടുള്ളത്. ജനപ്രതിനിധികളായ സ്മിത വട്ടയത്തിൽ, പി.ജി.പ്രിജിലിയ എന്നിവരും സമരത്തിൽ പങ്കെടുത്തു.