 
റാന്നി : മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയതോടെ പഴവങ്ങാടി പഞ്ചായത്തിലെ മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള തടസങ്ങൾ നീങ്ങി. മരങ്ങൾ മുറിച്ചുമാറ്റാനുള്ള പഞ്ചായത്തിന്റെ നടപടികൾ വൈകുന്നതാണ് നിർമ്മാണം നീണ്ടുപോകാൻ കാരണമെന്ന് ആക്ഷേപം ഉണ്ടായിരുന്നു. മരങ്ങൾ മുറിച്ചുമാറ്റാൻ നേരത്തെ പലതവണ പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാർ പങ്കെടുത്തിരുന്നില്ല. രണ്ട് നിലകളുള്ള പി.എച്ച്.സി കെട്ടിടനിർമ്മാണത്തിനായി 1.45 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. നിലവിലുള്ള കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കുന്നതിനോ മരുന്നുകൾ സൂക്ഷിക്കുന്നതിനോ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമിക്കുന്നതിനോ സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.