ചെങ്ങന്നൂർ: കൊല്ലത്ത് സ്വകാര്യബസിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴാൻ പോയ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം സൃഷ്ടിച്ച ആശങ്കയ്ക്കിടെ ബസിന്റെ വാതിൽ അടച്ച് സർവീസ് നടത്താൻ കൂട്ടാക്കാതെ ഒരു വിഭാഗം സ്വകാര്യബസുകൾ. എയർ ഡോർ സംവിധാനം ഉണ്ടായിട്ടും പല ബസുകളും ഇവ ഉപയോഗിക്കുന്നില്ല. സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ സുരക്ഷിത യാത്ര ബസുകൾ ഉറപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. സ്വകാര്യ ബസുകളിൽ ഡ്രൈവർക്ക് ഓപ്പറേറ്റ് ചെയ്യാൻ കഴിയുംവിധം എയർഡോർ സംവിധാനം ഏർപ്പെടുത്തിയിട്ടും നഗരത്തിൽ ഓടുന്ന ചുരുക്കം ചില ബസുകളാണ് ഇത്തരത്തിൽ വാതിൽ അടച്ച് സർവീസ് നടത്തുന്നത്. മത്സരയോട്ടത്തിലും യാത്രക്കാരുമായി തിങ്ങിനിറഞ്ഞ് പോകുമ്പോഴും വാതിൽ അടയ്ക്കാൻ പല സ്വകാര്യ ബസുകളിലേയും ജീവനക്കാർക്ക് ഇപ്പോഴും മടിയാണ്. യാത്രക്കാർക്ക് തുറക്കാനാകും വിധമുള്ള പഴയ ഡോർ ഘടിപ്പിച്ച ബസുകളുമുണ്ട്. സർവീസ് നടത്തുന്നവയിൽ ഇവ ഒഴിവാക്കിയിട്ടും ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പും തയാറാകുന്നില്ല.
സമയത്തെച്ചൊല്ലി തർക്കങ്ങൾ പതിവ്
എയർഡോർ ഘടിപ്പിച്ച ബസുകളിൽ ചിലതിൽ ഇവ വേണ്ടവിധം പ്രവർത്തിക്കുന്നുമില്ല. എയർഡോറുകൾ അടയ്ക്കുന്ന വാഹനങ്ങളിലാകട്ടെ, ചിലത് മത്സരയോട്ടങ്ങൾക്കിടെ തിരക്കിട്ട് വാതിൽ അടയ്ക്കുമ്പോൾ യാത്രക്കാർ ഫുട്‌ബോർഡിൽ കുടുങ്ങുന്നതും സമയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ യാത്രക്കാർ ഫുട്‌ബോർഡിലേക്ക് കയറുമ്പോൾ തന്നെ ഡബിൾ ബെല്ലടിച്ച് വാഹനം മുന്നോട്ട് എടുക്കുന്നതും സ്ഥിരം കാഴ്ചയാണ്.
............................................
ചെങ്ങന്നൂർ - മാവേലിക്കര റൂട്ടിൽ മത്സരയോട്ടമാണ്. എല്ലാ ബസിലും വാതിലുകൾ ഇല്ല. എയർ ഡോറുകൾ ചില ബസുകളിൽ ഉപയോഗിക്കുന്നില്ല , ഇത് അപകടം ക്ഷണിച്ചു വരുത്തും.
സതീഷ് കുമാർ
(കോളേജ് വിദ്യാർത്ഥി)
.............
1. എയർ ഡോർ സംവിധാനം ഉണ്ടായിട്ടും ഉപയോഗിക്കുന്നില്ല
2. ഡോർ അടച്ച് സർവീസ് നടത്തുന്നത് ചുരുക്കും ചില ബസുകൾ
3. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയില്ല