റാന്നി : പെരുനാട് -കൂനംകരയിൽ കക്കൂസ് മാലിന്യവും സാനിറ്ററി നാപ്കിനും ഉൾപ്പെടെ തള്ളുന്നതായി പരാതി. കൂനംകര ചപ്പാത്തിന് സമീപമാണ് കക്കൂസ് മാലിന്യവും, മീൻ വേസ്റ്റും തള്ളുന്നതായി നാട്ടുകാർ പറയുന്നത്. ഇവിടെ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തോടിനു ഇരുകരകളിലും 50ൽ പരം കുടുംബങ്ങൾ താമസമുണ്ട്. രാത്രി സമയങ്ങളിലാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. കക്കൂസ് മാലിന്യം നിക്ഷേപിച്ച് അതിന്റെ മുകളിൽ ദുർഗന്ധം തടയാൻ മണ്ണണ്ണയും ഉൾപ്പടെയുള്ള രാസവസ്തുക്കളും ഒഴിക്കുന്നതായും പരാതി ഉണ്ട്. വെള്ളത്തിൽ മണ്ണണ്ണ ഉയർന്ന അളവിൽ പ്രദേശവാസികൾ കണ്ടിരുന്നു. ഇതിനോടൊപ്പം ചെറു മീനുകളും ചത്തുപോകുന്നത് ഇപ്പോൾ പതിവാണ്. ജലാശയങ്ങൾ മാലിന്യം വലിച്ചെറിയാനുള്ള ഇടങ്ങളായി കാണുന്ന സാമൂഹിക ദ്രോഹികളെ കണ്ടെത്തി ഉചിതമായ ശിക്ഷ ഉറപ്പു വരുത്താൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശബരിമല തീർത്ഥാടനകാലത്ത് തീർത്ഥാടകർ ഏറ്റവും അധികം ഉപയോഗിക്കുന്ന ജല സ്രോതസാണ് ഇവിടം. തോട്ടിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.