പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് കിഫ്ബി, പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഗുണ്ടകളുടെ അകമ്പടിയോടെ കോൺഗ്രസിന്റെ കൊടുമണ്ണിലെ ഓഫീസ് സ്ഥലം അളപ്പിക്കുവാൻ ശ്രമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ആരോഗ്യവകുപ്പിലെ താൽക്കാലിക നിയമനങ്ങളിലും മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി നടക്കുന്ന പർച്ചേസ് നടപടികളിലും ഇടപെടുന്ന മന്ത്രിയുടെ ഭർത്താവ് മന്ത്രിയെ നോക്കുകുത്തിയാക്കി വകുപ്പ് ഭരിക്കുകയാണ്. ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ നടക്കുന്ന ഓട പണിയിൽ മന്ത്രിയും ഭർത്താവും നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്ഥലം എം.എൽ.എയായ ഡെപ്യൂട്ടി സ്പീക്കറും എതിർപ്പ് ഉന്നയിച്ചിട്ടും മന്ത്രിയുടെ ഭർത്താവിന്റെ അനധികൃത ഇടപെടൽ സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്. നിയമപരമായ എല്ലാ നടപടികളുമായും കോൺഗ്രസ് സഹകരിക്കും. എന്നാൽ, മന്ത്രിയുടെ ഭർത്താവിന്റെ നിർദ്ദേശം അനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ ചെറുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.