20-achenkovilar

പന്തളം: അച്ചൻകോവിലാറിന്റെ തീരം ഇടിഞ്ഞുതാഴുന്നത് തീരവാസികളെ വഴിയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. കുളനട പഞ്ചായത്തിലെ തുമ്പമൺ താഴത്താണ് ആറ്റുതീരത്തുകൂടിയുള്ള വാളാക്കോട്ടുപടി​തേവർതോട്ടം കാവ് റോഡിന്റെ അരിക് ഇടിഞ്ഞുതാഴ്ന്നിട്ടുള്ളത്. ഒരു മീറ്റർകൂടി തീരം ഇടിഞ്ഞാൽ റോഡ് പൂർണമായും ഇല്ലാതാകുമെന്ന സ്ഥിതിയിലാണ്. താഴെയുള്ള തടയണയിൽ വെള്ളം തട്ടി ഒഴുക്ക് അരികിലേക്ക് വരുന്നതാണ് തീരം കൂടുതൽ ഇടിയാൻ കാരണമാകുന്നത്.

തടയണയുടെ തുമ്പമൺ പഞ്ചായത്തിൽപ്പെട്ട ഭാഗം കരിങ്കൽ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും കുളനട പഞ്ചായത്തിൽ സംരക്ഷണ ഭിത്തി കെട്ടിയിട്ടില്ല. ആറ്റുതീരത്തിന്റെ ഉയരം കൂടിയ ഭാഗമായ തടത്തിൽപ്പടി, കാരാചേരിൽ ഭാഗം 2022നവംബറിൽ ഇതേപോലെ ഇടിഞ്ഞുതാഴ്ന്നിരുന്നു. ഒന്നര കിലോമീറ്ററോളം വരുന്ന റോഡ് തകർന്നാൽ വട്ടംകുന്ന് കോളനി പ്രദേശമുൾപ്പെടെയുള്ള പല ഭാഗവും വഴിയില്ലാതെ ഒറ്റപ്പെട്ടുപോകും.

ഇടിഞ്ഞ ഭാഗം വീണ്ടും ഇടിയുന്നു

തീരത്തിന്റെ താഴ്ഭാഗം വളരെനാളായി നടന്ന മണൽവാരലിനാൽ ദുർബലമായിരിക്കുകയുമാണ്. മണ്ണാകടവ് കടത്തുകടവിലേക്ക് എത്തുന്ന റോഡ് മണ്ണാകടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ തിരക്കുള്ളതാവുകയും ചെയ്യും. കഴിഞ്ഞ പ്രളയത്തിലും ആറ്റുതീരവും തീരത്തുനിന്ന മരങ്ങളും വെള്ളത്തിലേക്ക് ഇടിഞ്ഞുവീണിരുന്നു. ഓരോതവണയും ഇടിയുന്ന ഭാഗത്തുതന്നെയാണ് കൂടുതൽ തീരം ഇടിഞ്ഞുപൊയ്‌​ക്കൊണ്ടിരിക്കുന്നത്.

അരയേക്കർ ഇടിഞ്ഞു താണു,​ വീടുകൾക്കും ഭീഷണി

കുളനട പഞ്ചായത്തിലെ കൈപ്പുഴ, തുമ്പമൺ താഴം ഭാഗത്തായി അര ഏക്കറോളം പറമ്പ് ഇടിഞ്ഞുപോയതായാണ് കണക്ക്. വീടുകൾ പലതും അപകടഭീഷണിയിലാവുകയും ചെയ്തിട്ടുണ്ട്. തീരത്തുള്ള തെക്കേപ്പുരയിൽ മുരളീധരൻ, പള്ളിയിൽ ശ്രീകുമാർ എന്നിവരുടെ പുരയിടവും ആറ്റിലേക്ക് ഇടിഞ്ഞ് താണിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിനുശേഷം തീരത്തുള്ള പല വീടുകളും റോഡുകളും തീരത്തുനിൽക്കുന്ന ഫലവൃക്ഷങ്ങളും അപകടാവസ്ഥയിലാണ്. ജില്ലയിൽ കുളനട പഞ്ചായത്തിൽപ്പെട്ട സ്ഥലമാണ് കൂടുതൽ ഇടിയുന്ന ഭാഗങ്ങളിലൊന്ന്. ശക്തമായ ഒഴുക്കിൽ ദുർബലമായ മണ്ണ് ഇടിഞ്ഞ് വെള്ളത്തിനൊപ്പം ഒലിച്ചുപോവുകയാണ് ചെയ്യുന്നത്. തീരസംരക്ഷണത്തിന് മുമ്പുള്ളതുപോലെ റിവർ മാനേജ്‌​മെന്റ് ഫണ്ട് ലഭിക്കുന്നുമില്ല.