
നിലയ്ക്കൽ : തീർത്ഥാടനകാലത്ത് ശബരിമലയിൽ നടത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് വിലയിരുത്താൻ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെയും കഴിഞ്ഞ തീർത്ഥാടന കാലത്ത് ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള ഓഫീസർമാരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്തെല്ലാമാണെന്ന കാര്യം വിലയിരുത്തി. അടുത്ത തീർത്ഥാടന കാലത്ത് ഭക്തർക്കായി ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഏർപ്പെടുത്തേണ്ട കൂടുതൽ സംവിധാനങ്ങളെകുറിച്ചും യോഗം ചർച്ച ചെയ്തു. എല്ലാ മാസവും അവലോകന യോഗം ചേരാനും മുന്നൊരുക്ക പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും തീരുമാനിച്ചു. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ.അജികുമാർ, എ.സുന്ദരേശൻ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്ത്, സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.