കൊച്ചി: ജോലിസമയത്ത് സ്ഥിരമായി മദ്യപിച്ച് വരുന്നത് കമ്പനിയിൽ റിപ്പോർട്ട് ചെയ്തതിലുള്ള വിരോധത്തിൽ കെ.പി.ആർ സെക്യൂരിറ്റി സർവീസ് ഓപ്പറേഷൻ മാനേജരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ബിജു ബേബിയെയാണ് (54) സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്.
മാനേജർ കമ്പനിയിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നെങ്കിലും ഇയാൾ മാപ്പ് പറഞ്ഞ് വീണ്ടും ജോലിക്ക് കയറിയിരുന്നു. ഇയാൾ വീണ്ടും മദ്യപിച്ച് ജോലിക്ക് എത്തിയത് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞതിലുള്ള വിരോധത്തിൽ മാനേജർ താമസിക്കുന്ന ആലപ്പാട് ക്രോസ് റോഡിലെ അപ്പാർട്ടമെന്റിന്റെ വാതിൽ പൊളിച്ച് അകത്തുകയറി കുത്തിവീഴ്ത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. പൊലീസാണ് മാനേജരെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.