 
മല്ലപ്പള്ളി : ദുരന്തങ്ങൾ തുടർക്കഥയായിട്ടും മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് അഗ്നി രക്ഷാസേനയുടെ യൂണിറ്റോ,ദുരന്ത നിവാരണ സേന വിഭാഗമോ ആരംഭിക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് താലൂക്ക് നിവാസികൾക്കുള്ളത്. താലൂക്കിലെ എട്ട് പഞ്ചായത്ത് പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന ദുരന്തങ്ങൾ അഗ്നിരക്ഷസേന തിരുവല്ലയിൽ നിന്നോ റാന്നിയിൽ നിന്നോ എത്തുമ്പോഴേക്കും രക്ഷാപ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നു. ഒരു വർഷം മുമ്പ് പടുതോട് പാലത്തിന് സമീപം മണിമലയാറ്റിൽ നാടിനെ ഞെട്ടിച്ച മോക്ഡ്രിൽ ദുരന്തവും, മാസങ്ങൾക്ക് മുമ്പ് മല്ലപ്പള്ളിയ്ക്ക് സമീപം മണിമലയാറ്റിൽ രണ്ട് വിദ്യാർത്ഥികളുടെ മുങ്ങിമരിച്ചതും, കഴിഞ്ഞ മേയ് 14 ന് വയനാട് സ്വദേശിയായ യുവാവ് പൂവനക്കടവിലും, 20ന് ബീഹാർ സ്വദേശി അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് കോമളം കടവിലും, ജൂൺ 14ന് വാളക്കുഴി സ്വദേശിയായ യുവാവ് കുറുഞ്ഞൂക്കടവിലും മുങ്ങിമരിച്ചതും പ്രദേശവാസികളെ ദു:ഖത്തിലാക്കിയ സംഭവങ്ങളാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തര രക്ഷാപ്രവർത്തനം ലഭിക്കുവാൻ താലൂക്ക് ആസ്ഥാനത്ത് ഫയർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കണെന്ന ആവശ്യം ശക്തമാണ്.
.......................................................
നിലവിൽ അറ്റകുറ്റപ്പണികൾ നടത്താതെ കാടുകയറി നാശത്തിന്റെ വക്കിലേക്ക് നീങ്ങുന്ന മല്ലപ്പള്ളിയിലെ പൊലീസ് സർക്കിൾ ഓഫീസ് കെട്ടിടം ഫയർ സ്റ്റേഷന്റെ പ്രവർത്തനത്തിനായി അധികാരികൾ ഉപയോഗപ്പെടുത്തിയാൽ താലൂക്ക് ആസ്ഥാനത്ത് ഫയർ സ്റ്റേഷൻ എന്നത് യാഥാർത്ഥ്യമാകും
(പ്രദേശവാസി)
...............................
8 പഞ്ചായത്ത് പ്രദേശങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുന്നു