
തിരുവല്ല : നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് ആശ്വാസമാകേണ്ട പാലിയേക്കര - കാട്ടുക്കര റോഡ് അവഗണനയുടെ സ്മാരകമായി. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഇല്ലാതെ റോഡ് പൂർണമായും തകർന്നു. വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞ റോഡിനെ നഗരസഭ അധികൃതർ മറന്നമട്ടാണ്. നഗരസഭയിലെ അഞ്ച് വാർഡുകളിലൂടെ പോകുന്ന പ്രധാന റോഡായിട്ടും തകർച്ച പരിഹരിക്കാൻ ശ്രമങ്ങളൊന്നുമില്ല. ഏറെനാളായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് യാത്രക്കാരുടെ നടുവൊടിക്കുകയാണ്.
മഴക്കാലമായതോടെ ചെളിക്കുളവുമായി. ഒാടയില്ലാത്തതാണ് റോഡിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. ചെളിവെള്ളം നിറഞ്ഞിരിക്കുന്നതിനാൽ കാൽനട യാത്രപോലും ദുഷ്കരമാണ്.
തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിലൂടെ എത്തുന്ന വാഹന യാത്രികർക്ക് തിരുവല്ല നഗരത്തിലെത്താതെ എം.സി റോഡിൽ പ്രവേശിക്കാനുള്ള എളുപ്പമാർഗമാണിത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിച്ചിരുന്ന പാത. റോഡിന്റെ തുടക്കത്തിൽ പാലിയേക്കര കുരിശടി മുതൽ ഗ്യാസ് ഏജൻസി ഗോഡൗൺ വരെയുള്ള ഭാഗവും സാൽവേഷൻ ആർമിക്ക് സമീപവും പൂർണമായും തകർന്നു. റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. ജനകീയ പ്രതിഷേധങ്ങളും ഫലം കാണുന്നില്ല.
ഇടുങ്ങിയ പാലവും ഭീഷണി
തിരക്കേറിയ റോഡിൽ പാലിയേക്കരയ്ക്ക് സമീപത്തെ ഇടുങ്ങിയ പാലവും അപകടഭീഷണിയിലാണ്. ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിലൂടെ പോകരുതെന്ന് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ വരുന്ന വാഹനങ്ങൾ മുന്നറിയിപ്പ് കാണാതെ അപകടത്തിൽപ്പടാനുളള സാദ്ധ്യതയുണ്ട്.
വീതികൂട്ടി വികസിപ്പിക്കണം
റോഡ് വീതികൂട്ടി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ റോഡിന് പലഭാഗത്തും നാലുമീറ്റർ മാത്രമാണ് വീതിയുള്ളത്. സ്ഥലമേറ്റെടുക്കേണ്ടിയും വരും.
തടസമാകുന്നത് അഞ്ച് വാർഡുകൾ
നഗരസഭയുടെ അഞ്ചുവാർഡുകളിലൂടെ കടന്നുപോകുന്നുവെന്നത് തന്നെയാണ്
പാലിയേക്കര - കാട്ടുക്കര റോഡിന്റെ ശാപം. പദ്ധതിക്ക് ആവശ്യമായ ഫണ്ട് ചെലവിടാൻ അഞ്ച് വാർഡംഗങ്ങളും മനസുകാട്ടണം. ഇൗ കാര്യത്തിൽ ഏകീകരണം ഉണ്ടാകാത്തത് റോഡ് നവീകരണത്തിന് തടസമാകുന്നു. എം.സി റോഡിനെയും കായംകുളം റോഡിനെയും ബന്ധിപ്പിച്ച് തിരുവല്ല നഗരത്തിൽ ലിങ്ക് റോഡായി ഉപയോഗിക്കാവുന്ന പാതയാണിത്.
റോഡ് കടന്നുപോകുന്ന വാർഡുകൾ :
31,32,33,34,35
റോഡിന്റെ നീളം : 3 കിലോ മീറ്റർ
കുറേനാളായി റോഡിങ്ങനെ തകർന്നുകിടക്കുന്നു.
ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരില്ല.
മിനി, (യാത്രക്കാരി)