 
തിരുവല്ല: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും യോഗ ഇവർക്ക് ജീവനാണ്. പ്രായത്തിന്റെ അവശതകളെല്ലാം മൂന്ന് വനിതകളും യോഗയിലൂടെ മറക്കുകയാണ്. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയതോടെ ആരോഗ്യം മെച്ചപ്പെട്ടതിനൊപ്പം സന്തോഷവും മനഃസംതൃപ്തിയും നൽകുന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നു. തിരുവല്ല രാമഞ്ചിറയിലെ പൈതൃക് സ്‌കൂൾ ഓഫ് യോഗയിൽ യോഗാചാര്യൻ സുധീഷ്‌കുമാറിന്റെ ശിക്ഷണത്തിലാണ് മൂവരും യോഗ പഠിച്ചത്. യോഗ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവർ മനസ്സ് തുറക്കുകയാണ്.
ഓമന ടീച്ചറുടെ അനുഭവം...
മുട്ടിന് വേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അലട്ടിയതോടെയാണ് പൊടിയാടി കുറുപ്പൻതുണ്ടി പുണർതത്തിൽ ഓമന ടീച്ചർ യോഗ പഠിക്കാനെത്തിയത്. മൂന്ന് വർഷമായി യോഗ ദിനചര്യയാക്കിയതോടെ താൽപ്പര്യംകൂടി. ഇപ്പോൾ ഒട്ടേറെപേർക്ക് പരിശീലനം നൽകുന്ന അംഗീകൃത യോഗ ഇൻസ്ട്രക്ടറായി മാറി. രണ്ടുവർഷം മുമ്പാണ് തിരുവൻവണ്ടൂർ ഗവ.സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ അദ്ധ്യാപികയായി വിരമിച്ചത്. ഭർത്താവ് കെ.രാജൻ. മക്കൾ: നിതിൻരാജ് ആദിത്യൻ, അശ്വിൻരാജ് ആദിത്യൻ.
യോഗയ്ക്കൊപ്പം ജോളിയായി !
റവന്യുവകുപ്പിൽ നിന്ന് ഡെപ്യുട്ടി തഹസിൽദാറായി വിരമിച്ച ശേഷമാണ് മുത്തൂർ വല്ലഭശ്ശേരിൽ കെ.ജോളി യോഗ പഠിക്കാനെത്തിയത്. മൂന്ന് വർഷമായി യോഗ ചെയ്തുവരുന്നു. യോഗ ഇഷ്ടമായിരുന്നെങ്കിലും ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് പഠിക്കാൻ സാധിച്ചത്. മസിൽ വേദന ഉൾപ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങൾക്ക് യോഗയിലൂടെ വളരെ ആശ്വാസമാണ് ലഭിച്ചത്. പരേതനായ അനീഷ്‌കുമാറാണ് ഭർത്താവ്. അഖിൽ, അമൽ എന്നിവർ മക്കളാണ്.
ശ്രീലതയ്ക്ക് ആരോഗ്യകാര്യം
ആരോഗ്യവകുപ്പിൽ ഹെൽത്ത് സൂപ്പർവൈസറായിരുന്ന ശ്രീലത മൂന്നുവർഷം മുമ്പ് സേവനം പൂർത്തിയാക്കി. ഭർത്താവ് ദിലീപാണ് യോഗ പഠിക്കാൻ പ്രേരണയായത്. ജീവിതചര്യയാക്കി മാറ്റിയതോടെ യോഗ കൂടുതൽ ഇഷ്ടമായി. യോഗ പരീക്ഷയൊക്കെ വിജയിച്ച് അംഗീകൃത യോഗ ഇൻസ്ട്രക്ടറായി ഇപ്പോൾ ഒട്ടേറെപ്പേർക്ക് തുണയാകുന്നു. മക്കൾ: ധനഞ്ജയൻ, അനന്തകൃഷ്ണൻ.