അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ കൊല്ലം പോരുവഴി ഇടയ്ക്കാട് ഒറ്റപ്ലാവില തെക്കേതിൽ വീട്ടിൽ അഖിലിന് 16 വർഷവും 9 മാസവും കഠിനതടവും 8500 രൂപ പിഴയും ശിക്ഷ വിധിച്ചു. അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് ടി.മഞ്ജിത്താണ് വിധി പ്രസ്താവം നടത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം വളർത്തിയെടുത്ത് 2022 മെയിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ച് നിരന്തരം പിന്തുടർന്നു. ബലമായി മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവം ചെയ്തതായും പ്രതിക്കെതിരെ അന്നത്തെ ഏനാത്ത് എസ്.എച്ച്.ഒ ആയിരുന്ന സുജിത്ത് പി.എസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ.പി ഹാജരായി.