camera

പത്തനംതിട്ട : ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറയുടെ ജാഗ്രതയിൽ ജില്ലയിൽ തെളിഞ്ഞത് 3.58 ലക്ഷം നിയമലംഘനങ്ങൾ. ഇതിൽ മൂന്ന് ലക്ഷം പേർക്ക് പിഴ നൽകി. ക്യാമറ സ്ഥാപിച്ച് ഒരു വർഷം പിന്നിടുമ്പോൾ 18.40 കോടി രൂപയാണ് വിവിധ നിയമ ലംഘനങ്ങൾക്കായി പിഴ ഇട്ടിരിക്കുന്നത്. ഇതിൽ നാല് കോടി രൂപ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു. അവശേഷിക്കുന്ന കേസുകൾക്ക് ചെല്ലാൻ അയച്ചിരിക്കുകയാണ്. ചിലത് കോടതിയുടെ പരിഗണനയിലും. കഴിഞ്ഞ വർഷം ജൂൺ അഞ്ച് മുതലാണ് ക്യാമറ പ്രവർത്തിക്കാൻ തുടങ്ങിയത്.

ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റ് ഇടാതെയുമുള്ള യാത്ര, ഒരു ബൈക്കിൽ മൂന്ന് പേരുടെ യാത്ര, ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം എന്നിവയാണ് ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ.

ജില്ലയിൽ ദേശീയ, സംസ്ഥാനപാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറയുണ്ട്.

43 ക്യാമറകൾ

റോഡിലെ നിയമലംഘനം തടയാൻ 44 ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകളാണ് ജില്ലയിലെ പാതയോരങ്ങളിലുള്ളത്. അടൂരിൽ വാഹനമിടിച്ച് ഒരു ക്യാമറ തകർന്നതൊഴിച്ചാൽ ഇപ്പോൾ 43 എണ്ണം പ്രവർത്തിക്കുന്നു.

2023 ജൂൺ 5

ആദ്യ ദിനത്തിൽ ക്യാമറയിൽ പതിഞ്ഞ മുന്നൂറ്റമ്പതോളം ചിത്രങ്ങളിൽ നിന്ന് 153 പേർക്ക് പിഴ ഈടാക്കിയിരുന്നു.

ജില്ലയിൽ കൂടുതലും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവർ

മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭ്യമായ വിവരങ്ങൾ

ആകെ ഈടാക്കിയ പിഴ : 18.40 കോടി രൂപ

ലഭിച്ചത് : 4 കോടി രൂപ

ക്യാമറയിൽ പതിഞ്ഞ നിയമ ലംഘനങ്ങൾ : 3.58 ലക്ഷം

പിഴ നൽകിയവർ : 3,00,175 പേ‌‌ർ

സീറ്റ് ബെൽറ്റ് ധരിക്കാത്തവർ : 1.04 ലക്ഷം

കോ പാസഞ്ചർ സീറ്റ് ബെൽറ്റ് : 83,966

ഹെൽമെറ്റ് ധരിക്കാത്ത ഡ്രൈവിംഗ് : 92,071

ഹെൽമറ്റ് ഇല്ലാതെ പിന്നിൽ സഞ്ചരിച്ചവർ : 73,282

ബൈക്കിൽ മൂന്ന് പേരുടെ യാത്ര : 2757

ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം : 2397

അമിത വേഗത : 277

സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണ് ജില്ലയിൽ കൂടുതലുമുള്ളത്. ഹെൽമറ്റ് കേസുകളും അധികമായുണ്ട്. അടൂർ ഒഴികെയുള്ള ക്യാമറകൾ ജില്ലയിൽ പ്രവർത്തിക്കുന്നു.

മോട്ടോർ വാഹന വകുപ്പ് അധികൃതർ