പ്രമാടം : പൂങ്കാവ് ഡിപ്പോയിലെ ഈറ്റ ക്ഷാമത്തെക്കുറിച്ച് ബാംബു കോർപ്പറേഷന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കോർപ്പറേഷന്റെ എ ഗ്രേഡ് ഡിപ്പോയായ പൂങ്കാവിൽ മാസങ്ങളായി ഈറ്റ വിതരണം നിലച്ചത് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് അന്വേഷണം. ഡിപ്പോ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടികളിലേക്ക് നീങ്ങും. മാസങ്ങളായി ഈറ്റ ലഭ്യമല്ലാതായതോടെ കർഷകരും പരമ്പരാഗത തൊഴിലാളികളും ദുരിതത്തിലാണ്. പൂങ്കാവ് ജംഗ്ഷനിൽ നിന്ന് മുന്നൂറ് മീറ്റർ അകലെ പ്രമാടം - പത്തനംതിട്ട റോഡിലാണ് ഡിപ്പോ പ്രവർത്തിക്കുന്നത്.
ഇന്നലെയും ആളുകൾ എത്തി, കാത്തിരുന്ന് മടങ്ങി
വർഷങ്ങളായി പൂങ്കാവിൽ നിന്ന് ഈറ്റ വാങ്ങുന്ന ജില്ലയ്ക്ക് പുറത്തുള്ള കർഷകർ ഉൾപ്പടെ ഇന്നലെയും എത്തിയിരുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള വെറ്റില കർഷകരാണ് ഇതിലേറെയും. പിക് അപ്പ്, പെട്ടി ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾ വിളിച്ചാണ് ഇവർ എത്തിയത്. ടെമ്പോ വിളിച്ച് എത്തിയ കർഷക കൂട്ടായ്മയുമുണ്ട്. പുലർച്ചെ എത്തിയവർ ഡിപ്പോ തുറക്കില്ലെന്ന് ഉറപ്പായതോടെ മടങ്ങി.
പൂങ്കാവിലെ ചൊവ്വ, വെള്ളി ചന്തദിവസങ്ങളിലാണ് ഡിപ്പോയുടെ പ്രവർത്തനം.
കർഷകർ സമരം തുടങ്ങും
ഡിപ്പോ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കർഷകരും പരമ്പരാഗത തൊഴിലാളികളും സമരത്തിന് ഒരുങ്ങുകയാണ്. മാസങ്ങളായി ഈറ്റ ലഭ്യമല്ലാതായതോടെ ഇവർ പ്രതിസന്ധിയിലാണ്. വെറ്റിലക്കൊടി പന്തലിലേക്ക് പടരുന്ന സമയമാണിത്. കമുക്, മുള തുടങ്ങിയവ വാങ്ങണമെങ്കിൽ അധിക തുക നൽകണം. കുട്ട, വട്ടി, പരമ്പ്, കൂടകൾ തുടങ്ങിയവ നിർമ്മിച്ച് ഉപജീവനം നടത്തുന്നവരും പ്രതുസന്ധിയിലാണ്. ഈറ്റ ലഭ്യമായില്ലെങ്കിൽ ഡിപ്പോയിക്ക്
മുന്നിൽ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.