മല്ലപ്പള്ളി :കുന്നന്താനം ഏലിയാസ് കവലയ്ക്ക് സമീപത്തെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചു. പ്രധാന ശുശ്രൂഷകൻ മോൻസി അയിരൂർ വ്യാഴാഴ്ച രാവിലെ പത്തരയോടെ പള്ളിയിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ജോയിക്കുട്ടി വർഗീസ് കോറെപ്പിസ്കോപ്പ, ഫാ. റോജൻ പേരകത്ത് എന്നിവരെ വിവരമറിയിച്ചു. മദ്ബഹായോടു ചേർന്നുള്ള വടക്കുവശത്തെ കതകിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് പള്ളിക്കുള്ളിൽ കയറിയത്.
മദ്ബഹയുടെ വശത്തുള്ള മുറിയുടെ വാതിലിന്റെ പൂട്ടും പൊളിച്ചിരുന്നു.
അലമാരയുടെ പൂട്ടും തകർത്തു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പള്ളിയോടുചേർന്നുള്ള ഓഫീസ് മുറിയിലും മോഷണം നടത്തി. പൂട്ട് പൊളിച്ച് അകത്തു കടന്ന് സാധുജന സഹായനിധിയുടെ ബോക്സിലെ പണവും അപഹരിച്ചു. മേശയുടെ പൂട്ടും തകർത്തിട്ടുണ്ട്. കീഴ് വായ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചു.