22-cat

പന്തളം : ഇന്നലെ ഉച്ചസമയത്ത് പൊരി​ച്ച മീനി​ന്റെ മണം സഹി​ക്കവയ്യാതെ അടുക്കളയി​ൽ കയറി​യ പൂച്ചക്കുട്ടി​ക്ക് സ്റ്റൗവി​ലെ ദ്വാരം കെണി​യായി​​. ഒടുവി​ൽ നാട്ടുകാരും വീട്ടുകാരും ഏറെ പണിപെട്ടി​ട്ടും രക്ഷപ്പെടുത്താൻ ഫയർഫോഴ്സും എത്തേണ്ടി​വന്നു. ചേരിക്കൽ ഷിനാസ് മൻസിൽ ഷീനാസിന്റെ വീട്ടിലെ പൂച്ചക്കുട്ടിയാണ് കഥാപാത്രം. സ്റ്റൗവിൽ വച്ചിരുന്ന വറുത്ത മീൻ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് പൂച്ചക്കുട്ടിയുടെ തല കുടുങ്ങിയത്. മ്യാവോ...വി​ളി​കേട്ട് വീട്ടുകാർ എത്തി​യപ്പോൾ കാണുന്നത് ദുരന്തസീൻ. ഏറെ ശ്രമി​ച്ചെങ്കി​ലും രക്ഷപ്പെടുത്താനായി​ല്ല. ഒടുവി​ൽ അടൂർ ഫയർ സ്റ്റേഷനിലേക്ക് സഹായംതേടി​ വി​ളി​ച്ചു. ഉടനെത്തി​ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ രക്ഷാസംഘം. സ്റ്റൗവി​ന്റെ തകി​ട് കട്ടുചെയ്ത് നടത്തി​യ രക്ഷാപ്രവർത്തനം ഫലം കണ്ടു. സീനിയർ റെസ്‌ക്യൂ ഓഫീസർ അജീഖാൻ യൂസഫ്, റെസ്‌ക്യൂ ഓഫീസർമാരായ പ്രദീപ്, രഞ്ജിത്ത്, സന്തോഷ് ജോർജ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി​.