കൊടുമൺ: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിൽ ഓട പണിയുന്നത് നിയമം ലംഘിച്ചല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. കൊടുമൺ ജംഗ്ഷനിൽ നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയത്തിന് സമീപം ഓട പണിയുന്നതിന് ട്രാൻസ്‌ഫോർമർ തടസമാണെങ്കിൽ അതു മാറ്റിസ്ഥാപിക്കണം. ഇതിന് ആവശ്യമെങ്കിൽ എസ്റ്റിമേറ്റ് പുതുക്കണം.
ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണത്തെ തടസ്സപ്പെടുത്തി കൊടുമണ്ണിലെ കോൺഗ്രസ് രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്.
കൊടുമൺ സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുത്തപ്പോഴും, സ്റ്റേഡിയം നിർമ്മിക്കാൻ തുടങ്ങിയപ്പോഴും കോൺഗ്രസ് അനാവശ്യ വിവാദങ്ങളുയർത്തി പ്രവർത്തനം തടസ്സപ്പെടുത്തിയിരുന്നു. ഇപ്പോൾ ഏഴംകുളം കൈപ്പട്ടൂർ റോഡ് ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്ന പണികൾ ഏകദേശം പൂർത്തീകരിക്കാൻ പോകുന്ന ഘട്ടത്തിലാണ് റോഡിന്റെ അലയ്‌മെന്റ് മാറ്റുന്നതിൽ ഇടപെട്ടുവെന്ന ആരോപണം ഉയർത്തി റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നിയമപ്രകാരം പണിയും :കെ.കെ.ശ്രീധരൻ
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തന്റെ കെട്ടിടത്തിന് മുന്നിലെ ഓടയുടെ അലൈൻമെന്റ് മാറ്റിയെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അക്കാര്യത്തിൽ മൗനം പാലിച്ചു. നിയമ പ്രകാരം റോഡും ഓടയും പണിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ സി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആർ. തുളസീധരൻ പിള്ള, എ.എൻ സലിം, ബീന പ്രഭ , ആർ. ബി രാജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.