photo
തിരുവല്ല നഗരസഭാ ഓഫിസിൽ കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയപ്പോൾ

തിരുവല്ല : നഗരത്തിലെ വഴിവിളക്കുകൾ തകരാറിലായതിന് പിന്നാലെ നഗരസഭാ ഓഫീസിലും വെളിച്ചമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. നഗരസഭയിൽ വൈദ്യുതി മുടങ്ങിയാൽ പിന്നെ ഉദ്യോഗസ്ഥരും അവിടെ വരുന്ന ജനങ്ങളും ഇരുട്ടിൽ തപ്പുകയാണ്. പകരം സംവിധാനം സജ്ജമാക്കണമെന്ന് കൗൺസിൽ യോഗത്തിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടികളും നഗരസഭാ അധികൃതർ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. നഗരസഭാ ഓഫീസിൽ വൈദ്യുതി മുടങ്ങിയാൽ പിന്നെ പല ഉദ്യോഗസ്ഥരും മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ജോലികൾ ചെയ്യുന്നത്. മറ്റിടങ്ങളിൽ ഓഫീസ് പ്രവർത്തനം സ്തംഭിച്ച സ്ഥിതിയിലാകും. നഗരസഭയിൽ മുമ്പ് സ്ഥാപിച്ച സോളാർ സംവിധാനം ഉണ്ടെങ്കിലും വർഷങ്ങളായി താറുമാറായി കിടക്കുകയാണ്. വൈദ്യുതി ഇല്ലാത്തപ്പോൾ പ്രവർത്തിപ്പിക്കാനായി സ്ഥാപിച്ച ജനറേറ്ററും തകരാറിലാണ്. ജനറേറ്റർ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സജ്ജമാക്കാനും നടപടികളില്ല.

പ്രധാന റോഡുകളിൽ കൂരിരുട്ട്

നഗരത്തിലെ എം.സി റോഡിലും ടി.കെ റോഡിലും മാവേലിക്കര, മല്ലപ്പള്ളി ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ ഭൂരിഭാഗവും മാസങ്ങളായി അണഞ്ഞു കിടക്കുകയാണ്. കച്ചവട സ്ഥാപനങ്ങളുടെ വെളിച്ചം മാത്രമാണ് നഗരപ്രദേശത്ത് ലഭിക്കാറുള്ളത്. മറ്റിടങ്ങളിലെല്ലാം കൂരിരുട്ടാണ്. ഇതുകാരണം രാത്രിയിൽ വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമൊക്കെ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്. ചിലപ്പോൾ അപകടങ്ങൾക്കും കാരണമാകാറുണ്ട്. നഗരത്തിൽ വ്യാപകമായി വഴിവിളക്കുകൾ സ്ഥാപിക്കാനായി നിർമ്മിച്ച തൂണുകൾ നോക്കുകുത്തിയായതോടെ അതിലെല്ലാം പരസ്യ ബോർഡുകൾ ഇടം പിടിച്ചിരിക്കുകയാണ്. വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികൃതരുടെ നിലപാടിൽ പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

അടിയന്തര നടപടി വേണം : ബി.ജെ.പി

നഗരത്തിലെ വഴിവിളക്കുകളും നഗരസഭ കാര്യാലയത്തിലെ സോളാറും ജനറേറ്ററും പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് ബി.ജെ.പി പാർലമെന്റ് പാർട്ടി യോഗം ആവശ്യപ്പെട്ടു. പാർലമെന്റ് പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വിജയൻ തലവന, മിനി പ്രസാദ്, ഗംഗാ രാധാകൃഷ്ണൻ, വിമൽ ജി, പൂജാ ജയൻ എന്നിവർ പ്രസംഗിച്ചു.-