
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിനതടവും പിഴയും കോടതി വിധിച്ചു. പുനലൂർ അറക്കൽ ഇടയം ചന്ദ്രമംഗലത്ത് വീട്ടിൽ ചന്തു (അനുലാൽ-26) നാണ് അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജി ടി.മഞ്ജിത്ത് കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷിച്ചത്. പിഴത്തുക പ്രതി അടക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം പ്രതി എട്ടുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2022 ലാണ് കേസിനാസ്പദമായ സംഭവം. നേരിട്ട് കണ്ടിട്ടില്ലാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ വ്യാജ പേര് ഉപയോഗിച്ച് പരിചയത്തിലാവുകയായിരുന്ന അനുലാൽ. ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചശേഷം അടൂരിൽ തിരികെ എത്തിച്ചു. അടൂർ സി ഐ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി. സ്മിത ജോൺ ഹാജരായി.