മല്ലപ്പള്ളി : ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ച് റോഡിൽ വീണു. ഒഴിവായത് വൻ ദുരന്തം. റാന്നിയിൽ നിന്നും ഓവർലോഡ് കയറ്റിയ ടോറസ് ലോറിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ന് പുറമറ്റം ജംഗ്ഷനിലാണ് കരിങ്കല്ലുകൾ തെറിച്ചുവീണത്. നിരവധി വാഹന യാത്രകാരും ബസ് കാത്ത് നിൽക്കാറുള്ള വെയിറ്റിംഗ് ഷെഡിന് സമീപത്താണ് ലോറിക്ക് പുറക് വശത്തു കൂടി കല്ല് വീണത്. ആളുകളുടെയോ, വാഹന യാത്രികരുടെയോ ദേഹത്ത് പതിച്ചിരുന്നെങ്കിൽ വലിയ ദുരന്തം ഉണ്ടാകാൻ സാദ്ധ്യത ഏറെയായിരുന്നു. വെണ്ണിക്കുളം ജംഗ്ഷൻ മുതൽ ചെറിയ കല്ലുകൾ റോഡിൽ പതിച്ചിരുന്നു. തൊട്ട് പിന്നിൽ യാത്ര ചെയ്തിരുന്ന പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനിത് കുമാറിന്റെ നിർദ്ദേശപ്രകാരം ഇരുചക്ര വാഹന യാത്രക്കാർക്ക് ഡ്രൈവർ നൽകിയ നിർദ്ദേശവും ദുരന്തം ഒഴിവാക്കുന്നതിന് സഹായകരമായി. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ലോറികൾ പോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.