daily

പത്തനംതിട്ട : 26 മുതൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്‌സിന് മുന്നോടിയായുള്ള ഒളിമ്പിക്‌സ് വാരാഘോഷത്തിന് ജില്ലയിൽ തുടക്കം. വാരാഘോഷത്തിന് വിളംബരം കുറിച്ച്‌ ഘോഷയാത്ര നടന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വിളംബരഘോഷയാത്ര നടത്തിയത്. ജില്ലാ പൊലീസ്‌മേധാവി വി. അജിത്‌ , ദേശീയ കായിക താരങ്ങളായ അതുൽ പ്രസൂൺ രേവതി എസ്. നായർ എന്നിവർക്ക് ദീപശിഖ കൈമാറി.ഘോഷയാത്ര ഫ്ലാഗ് ഓഫും ചെയ്തു. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ഹെഡ്‌പോസ്റ്റോഫീസിന് സമീപം സമാപിച്ചു.
റാലിയിൽ മികച്ച പങ്കാളിത്തവും പ്രകടനവും കാഴ്ചവെച്ച സ്‌കൂളുകൾക്ക് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ സമ്മാനം വിതരണം ചെയ്തു. പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും വാര്യാപുരം ഭവൻസ് വിദ്യാമന്ദിർ രണ്ടാം സ്ഥാനവും നേടി. ചെന്നീർക്കര പ്രമാടം നേതാജി സ്‌കൂളും ശാലോം പബ്ലിക് സ്‌കൂളും മൂന്നാംസ്ഥാനം പങ്കിട്ടു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ പ്രകാശ് ബാബു, സെക്രട്ടറി ആർ. പ്രസന്നകുമാർ, ട്രഷറർ ഡോ. ചാർലി ചെറിയാൻ, മുൻ ഫുട്‌ബാൾ താരം കെ.ടി ചാക്കോ, ബിൻസി സൂസൻ ടൈറ്റസ്, ജോയ് പൗലോസ്, എൻ. ചന്ദ്രൻ, കെ. ചന്ദ്രശേഖരപിള്ള, ബിജു അമിത്, എബ്രഹാം, ,ഡോ. രജിനോൾഡ് വർഗീസ്, മാത്യു, ഗിരീഷ്, എന്നിവർ പങ്കെടുത്തു.