anumodanam
മാര്‍ത്തോമ്മ സഭ പരമാദ്ധ്യക്ഷന്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സമൂഹത്തെ ഉദ്ധരിക്കുന്നതിൽ മുൻപന്തിയിലുള്ള സഭയാണ് ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചെന്ന് മാർത്തോമ്മ സഭ പരമാദ്ധ്യക്ഷൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റ ഡോ.സാമുവൽ മാർ തിയോഫിലസ് മെത്രാപ്പോലീത്തയുടെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജ് ആശുപത്രി, വിഭ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തിലൂടെയാണ് സഭ സമൂഹത്തെ ഉദ്ധരിക്കുന്നത്. എക്യുമെനിക്കൽ വീക്ഷണമുള്ള സഭ പരിസ്ഥിതി, പ്രകൃതി സ്‌നേഹം നിലനിറുത്തുന്നു. മുന്നൂറോളം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർക്ക് ഇടയിലാണ് സഭയുടെ പ്രവർത്തനം എന്നത് ശ്രദ്ധേയമാണ്. ഏഷ്യയിലെ 12 രാജ്യങ്ങൾക്കു പുറമേ ആഫ്രിക്കയിലെ റുവാണ്ടയിലും ലൈബീരിയയിലും സഭയുടെ പ്രവർത്തനങ്ങൾ ശക്തമാണ്. മോർ അത്തനാസിയോസ് യോഹാൻ തെളിച്ച വഴിയിലൂടെ സഭയെ നയിക്കാൻ പിൻഗാമിക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ജീവകാരുണ്യപരിസ്ഥിതി മേഖലകളിൽ മുൻപന്തിയിൽ പ്രവർത്തിച്ച സഭയാണ് ബിലീവേഴ്‌സ് എന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു.