റാന്നി : റാന്നി മണ്ഡലത്തിൽ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയത്. റാന്നി നിയോജക മണ്ഡലത്തിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന റോഡ്, സ്‌കൂൾ കെട്ടിടം, കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയുടെ നിർമ്മാണം, സ്‌കൂൾ പാചകപ്പുര, ടൊയ്‌ലെറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണം വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികൾ, ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങുന്നത്, ജൽജീവൻ മിഷൻ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം വാങ്ങുന്നത് തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് 2.30ന് ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി.സുരേഷ് ബാബു, എഡി.സി ജനറൽ രാജ് കുമാർ, പൊതുമാരാമത്ത്, തദ്ദേശ വകുപ്പ്, ജില്ലാ നിർമ്മിതി കേന്ദ്രം ഉദ്യോഗസ്ഥർ, മറ്റ് വകുപ്പ് ഉദ്യോദസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.