തിരുവല്ല: മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച് അവരിലുള്ള കാരുണ്യവും കഴിവുകളും വളർത്തിയെടുത്ത് സമൂഹത്തിനും ദേശത്തിനും നന്മചെയ്യുന്നവരായി മാറ്റാൻ ഓരോരുത്തർക്കും കഴിയണമെന്ന് ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് അദ്ധ്യക്ഷനായി ചുമതയേറ്റ ഡോ.സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത പറഞ്ഞു. പുതിയ അദ്ധ്യക്ഷന് നൽകിയ അനുമോദന സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങൾ നിലനിൽക്കില്ല. ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ദൗത്യമാണ് വന്നുചേർന്നിരിക്കുന്നത്. സത്യത്തിൽ ഭയമുണ്ട്. എങ്കിലും സഹമെത്രാപ്പോലീത്തമാരും വൈദികരും മറ്റു സഭകളിലെ പിതാക്കന്മാരുമെല്ലാമായി ചേർന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. അത്താനാസിയോസ് യോഹാൻ തെളിച്ച വഴിയിലൂടെ അദ്ദേഹത്തിന്റെ ദൗത്യം നിറവേറ്റി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.