1
മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലം കൈയ്യടക്കിയ കാലഹരണപ്പെട്ട റോഡ് റോളർ.

മല്ലപ്പള്ളി: സിവിൽ സ്റ്റേഷൻ പരിമിതികൾക്കിടയിൽ വീർപ്പുമുട്ടുന്നു. ടൗണിലും പരിസരങ്ങളിലുമായി ചിതറിക്കിടന്ന സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കാൻ 2006 ജനുവരി 27നാണ് മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങിയത്. വർഷങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ സേവനമില്ല. ഒന്നാം നിലയിൽ റേഷനിംഗ് ഇൻപെക്ടറുടെ ഓഫീസ്, സബ്റീജനൽ ട്രാൻസ്പോർട്ട് ഓഫീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടിവ് എൻജിനീയർ ഓഫീസ്, പൊതുമരാമത്ത് ഉപവിഭാഗം അസി.എൻജിനീയർ ഓഫീസ്,താലൂക്ക് സപ്ലെ ഓഫീസ്,താലൂക്ക് ഗവ.എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും മുകളിലത്തെ നിലയിൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ചെറുകിട ജലസേജന വിഭാഗം അസി. എൻജിനീയർ ഓഫീസ്,അസി.ലേബർ ഓഫീസ്,കൃഷി അസി.ഡയറക്ടർ ഓഫീസ്, റീജൻ ആർട്ടിഫിഷ്യൽ ഇൻഫർമേഷൻ സെന്റർ എന്നിവയുടെ പ്രവർത്തനം. ഈ ഓഫീസുകളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർ പടികൾ താണ്ടി വേണം ഇരുനിലകളിലെത്താൻ. സഹകരണ സംഘം അസി.രജിസ്ട്രാർ (ജനറൽ), സഹകരണ ഓഡിറ്റ് അസി.ഡയറക്ടർ, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ്, സബ് ട്രഷറി, സബ് രജിട്രാർ എന്നീ ഓഫീസുകൾ താഴത്തെ നിലയിലായതിനാൽ ഇവിടെയ്ക്ക് എത്തുന്നവർക്ക് വാഹന പാർക്കിംഗ് ഒഴിച്ച് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല.ഒന്നര വർഷങ്ങൾക്ക് മുമ്പ് വിവിധ ഓഫീസുകളുടെ ഭാഗങ്ങളിൽ ഇരിപ്പിടം സ്ഥാപിച്ചതൊഴിച്ചാൽ മറ്റ് വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

പാർക്കിംഗ് കൈയടക്കി കാലഹരണപ്പെട്ട വാഹനങ്ങൾ

കാലഹരണപ്പെട്ട റോഡ് റോളറും, മൃഗസംരക്ഷണ വകുപ്പിന്റെ ജിപ്പും,ആർ.ടി.യോ പിടിച്ചെടുത്ത ഇരുചക്ര വാഹനങ്ങളുമാണ് പാർക്കിംഗ് ഷെഡിന്റെ ഗുണഭോക്താക്കൾ.വർഷങ്ങൾ മുൻപ് പിടികൂടിയ വാഹനങ്ങളാണ്. ഇവയെല്ലാം ജീർണാവസ്ഥയിലാണ്. സമീപത്തെ കാടുകൾ നീക്കി ജീർണാവസ്ഥയിലായ വാഹനങ്ങളും മാറ്റി കോൺക്രീറ്റ് ചെയ്യുകയോ ഇന്റർലോക്ക് കട്ട പാകുകയോ ചെയ്താൽ ഒരു പരിധവരെ പ്രശ്ത്തിന് പരിഹാരം കാണാനാകും,​

.........................

1. ലിഫ്റ്റ് സംവിധാനം ഇല്ല

2. വാഹന പാർക്കിംഗിനായി നിലവിലുള്ള ഷെഡുകളുടെ തകർച്ച പരിഹരിച്ചിട്ടില്ല

.............................

കെട്ടിടത്തിന് 3നിലകൾ

.....................................

പ്രവർത്തനം തുടങ്ങിയത് 2006 ജനുവരി 27ന്

......................

താലൂക്ക് രൂപീകൃതമായിട്ട് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടു. ആവശ്യങ്ങൾ പലതും നിറവേറാതെ തുടരുമ്പോൾ,കാത്തിരിപ്പുമാത്രമാണ് താലൂക്ക് നിവാസികൾക്ക് ഉള്ളത്.
(മല്ലപ്പള്ളിയിലെ വ്യാപാരി)