ചെങ്ങന്നൂർ: കേന്ദ്രം നെല്ലിന്റെ താങ്ങുവില കൂട്ടിയതിന്റെ സന്തോഷത്തിലാണ് അപ്പർകുട്ടനാട് ഉൾപ്പെടുന്ന പ്രദേശത്തെ നെൽകർഷകർ. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വലിയൊരു പ്രദേശത്തിന് ഏറെ പ്രതീക്ഷയും ഉണർവുമാണ്' പുതിയ ചുവടുവയ്പ്പ്. എന്നാൽ സംസ്ഥാനം പലഘട്ടങ്ങളിൽ പ്രഖ്യാപിച്ച തുക ജലരേഖയായി മാറിയ അവസ്ഥയിലാണ്. കേന്ദ്ര സഹായത്തിന് ആനുപാദികമായി സംസ്ഥാന വിഹിതം കൂടുന്നതിന് പകരം കുറയുന്ന കാഴ്‌ചയാണ് ഉണ്ടായത്. ഇപ്പോൾ 1.17 രൂപ കേന്ദ്രം വീണ്ടും കുട്ടിയപ്പോൾ കേന്ദ്രവിഹിതം 23 രൂപയായി. സംസ്ഥാന വിഹിതം കഴിഞ്ഞ വർഷത്തേതിന് തുല്യമായി തുടർന്നാൽ അടുത്ത സീസണിൽ കർഷകർക്ക് 29.37രൂപ നെല്ലിന് വില ലഭിക്കും. . 2022ൽ 1രൂപയും 2023ൽ 1.43 രൂപയും താങ്ങുവില വർദ്ധിപ്പിച്ചു. കേന്ദ്രവിഹിതം 21.83 രൂപയായി ഉയർന്നു. കഴിഞ്ഞ രണ്ട് സീസണിലും കർഷകർക്ക് ലഭിച്ചത് 28.2 രൂപമാത്രം. രണ്ട് ബഡ്ജറ്റുകളിലായി കൂട്ടിയ 72 പൈസയും നേരത്തേയുള്ള 8.80 രൂപയും ചേർത്താൽ 9.52 രൂപയാകും സംസ്ഥാനവിഹിതം. ഈ കണക്ക് അനുസരിച്ച് കഴിഞ്ഞ രണ്ടുവർഷവും കിലോയ്ക്ക് 31.35 രൂപ ലഭിക്കണമായിരുന്നു. എന്നാൽ, 28.2 രൂപ മാത്രം നൽകിയതിനാൽ സംസ്ഥാന വിഹിതം 6.37 രൂപയായി താഴ്ന്നു. മുൻപ് 18.68 രൂപയായിരുന്നു കേന്ദ്രം ഒരുകിലോ നെല്ലിന് നൽകിയിരുന്ന താങ്ങു വില. സംസ്ഥാനത്തിന്റേത് 8.80 രൂപയും ആകെ 27.48 രൂപ കിലോയ്ക്ക് കർഷകർക്ക് ലഭിച്ചിരുന്നു.സംസ്ഥാനം പലഘട്ടങ്ങളിൽ പ്രഖ്യാപിച്ച തുക പിന്നീട് ഇപ്പോഴത്തെ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ 20 പൈസ കൂടി കൂട്ടി പ്രഖ്യാപിച്ചു. തുടർന്ന് ഒരു ഗുണപരമായ പദ്ധതികളും ഉണ്ടായില്ല. അപ്പർകുട്ടനാടിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും സംസ്ഥാനം ഇതുവരെ കണ്ടെന്ന് നടിച്ചിട്ടില്ല.

...................................

നെല്ലിന്റെ സംരക്ഷണവില 1 രൂപ 17 പൈസ വർദ്ധിപ്പിച്ച് 23 രൂപയിൽ എത്തിച്ച കേന്ദ്ര നടപടി സ്വാഗതാർഹമാണ്. നെല്ലിന്റെ സംഭരണവില കേന്ദ്രം ഉയർത്തുമ്പോൾ സംസ്ഥാനം ആനുകൂല്യം കർഷകർക്ക് നല്കണം. നിലവിലുള്ള താങ്ങ് വില ആനുപാതികമായി വർദ്ധിപ്പിക്കണം.

നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ

(കുരുവിള മാത്യൂസ്)​

......

കഴിഞ്ഞ രണ്ടുവർഷവും കിലോയ്ക്ക് 31.35 രൂപ ലഭിക്കണമായിരുന്നു. എന്നാൽ, 28.2 രൂപ മാത്രം നൽകിയതിനാൽ സംസ്ഥാന വിഹിതം 6.37 രൂപയായി താഴ്ന്നു.